ഭാവനയുടെ പ്രതിഫലനത്തിനും തിരിച്ചു വരവിനും ബിനാലെ കാരണമായി- ദിലീപ് മേനോന്‍

293

കൊച്ചി: ഭാവനയെ പ്രതിഫലിപ്പിക്കാനും സര്‍ഗ്ഗാത്മകമായ രീതിയില്‍ പുനരവതരിപ്പിക്കാനും കൊച്ചി ബിനാലെ സമയവും അന്തരീക്ഷവും ഒരുക്കുന്നുവെന്ന് പ്രശസ്ത ചരിത്രകാരന്‍ ദിലീപ് മേനോന്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തില്‍ കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ചുള്ള ഡോക്യുമന്ററി പ്രദര്‍ശനത്തിനു ശേഷം സംഘടിപ്പിച്ച ലെറ്റ്‌സ് ടോക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാലത്തിന്റെ സമകാലീനതയുടെയും അടിയന്തര സ്വഭാവത്തിന് അതീതമായും അതിനൊപ്പവുമാണ് കലയെ നിറുത്തേണ്ടതെന്ന ചിന്തയാണ് നമുക്കുള്ളത്. സമയത്തിന്റെ അന്ത്യത്തിലാണ് നാം വസിക്കുന്നതെന്ന ആശയം പ്രതിഫലിപ്പിക്കാന്‍ പറ്റിയ ഇടമാണ് ബിനാലെ. ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് വിറ്റ് വാട്ടേഴ്‌സ്‌റാന്‍ഡ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ പഠന വിഭാഗത്തിന്റെ ഡയറക്ടര്‍ കൂടിയായ ദിലീപ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ചരിത്രത്തിന്റെ പാഠങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം വിശദമായ ചര്‍ച്ച നടന്നു. ‘സാമൂഹ്യമായ ചര്‍ച്ചകളില്‍ കൊച്ചിയ്ക്കുള്ള പങ്ക്-കലയ്ക്കും സംസ്‌കാരത്തിനും കുറഞ്ഞു വരുന്ന പരിഗണന’ എന്നീ വിഷയങ്ങളും ചര്‍ച്ചയില്‍ പ്രതിപാദ്യമായി. ഇന്ത്യയുടെ തെക്കേ അറ്റത്താണ് കൊച്ചി സ്ഥിതി ചെയ്യുന്നത്. കര കടലായി മാറുന്നിടം. അതിനാല്‍ തന്നെ ഭാവനയ്ക്ക് ഏറെ സാധ്യതയുള്ളസ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു. നദിയും കടലും കരയിലേക്ക് കയറുന്ന കാഴ്ചയാണ് കൊച്ചിയിലുള്ളത്. പരശുരാമന്‍ തന്റെ പാപങ്ങള്‍ തീര്‍ക്കാന്‍ മഴുവെറിഞ്ഞ് ഉയര്‍ത്തിയെടുത്ത സ്ഥലം. വെള്ളപ്പൊക്കത്തിലൂടെ അഴിമുഖമായി മാറുകയായിരുന്നു കൊച്ചിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചിയുടെ ബഹിര്‍സ്ഫുരത ഭൂതകാലത്തിന്റെ തേടിപ്പിടിക്കലും മനുഷ്യന്റെ അഹങ്കാരത്തിന്റെ ശേഷിപ്പുകളും, ഭൂതവും വര്‍ത്തമാനവും തമ്മിലുള്ള ബന്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെ മതിലുകളിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അടുത്തവട്ടം വെള്ളപ്പൊക്കം വരുമ്പോള്‍ തടയിടുന്നതിനു വേണ്ടി. കലയെയും സാഹിത്യത്തെയും മൂടിവയ്ക്കാന്‍ വെമ്പുന്ന കാലമാണ് വരുന്നത്. ദേശീയത, സ്വയംഭൂ എന്നീ കൃത്രിമമായ വാദങ്ങള്‍ സാര്‍വത്രികമായല്ലാതെ ചിന്തിക്കാന്‍ നമ്മെ അനുവദിക്കുന്നില്ല. അതിനാല്‍ തന്നെ സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. അവസാനം വെള്ളപ്പൊക്കത്തെ തടയേണ്ടത് നാം തന്നെയാണെന്ന ഓര്‍മ്മപ്പെടുത്തലോടെ. രാജ്യം, സാമ്രാജ്യം എന്നീ സങ്കുചിതമായ കാഴ്ചപ്പാടുകളുടെ അപ്പുറത്തേക്ക് ചിന്തിക്കാനാണ് ബിനാലെ നമ്മെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയന്‍, ചൈനീസ് ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളിലൂടെ കടന്നു പോകുമ്പോള്‍ മറഞ്ഞ കാലത്ത് നിലനിന്നിരുന്ന സാഹോദര്യത്തെയാണ് തിരികെ കൊണ്ടു വരുന്നത്. ഈ ലോകത്തിനിന്നാവശ്യവും ഈ സാഹോദര്യമാണെന്ന കാഴ്ചപ്പാടും ദിലീപ് മേനോന്‍ പങ്കു വച്ചു.

NO COMMENTS

LEAVE A REPLY