ബിനാലെ സംഗീതം : സാന്ത്വനസംഗീതവുമായി കുന്നുകര എംഇഎസ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍

263

കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയിലെ വേദിയില്‍ ബിനാലെ സംഗീതത്തിന്റെ സാന്ത്വനസ്പര്‍ശവുമായെത്തിയത് കുന്നുകര എംഇഎസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിവാര സംഗീതപരിപാടിയായ ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിനിലാണ് ഇന്നലെ (ബുധനാഴ്ച്ച) വിദ്യാര്‍ഥികളുടെ പ്രകടനം നടന്നത്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ഥിനികളായ ജസ്‌ന വി. എസ്., ആന്‍ മേരി അഗസ്റ്റിന്‍, വിദ്യാ വി. വി. (കംപ്യൂട്ടര്‍ സയന്‍സ്), മാര്‍ട്ടിന്‍ നെറ്റോ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്), ഗസല്‍ വര്‍ഗീസ് (സിവില്‍ എന്‍ജിനീയറിംഗ്), മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം വിദ്യാര്‍ഥികളായ അഖില്‍ രാജ്, സുധീഷ് ഇ. എന്നിവരാണ് ഗായകരായി എത്തിയത്.

ചിത്രം എന്ന സിനിമയിലെ ഹിറ്റ് ഗാനമായ ‘പാടം പൂത്ത കാലം’ എന്ന ഗാനത്തോടെ അഖില്‍ രാജാണ് സംഗീതപരിപാടിക്കു തുടക്കമിട്ടത്. കെ.എസ്. ചിത്ര പാടി അനശ്വരമാക്കിയ ‘പീലിയേഴും വീശി വാ’ എന്ന ഗാനവുമായി വിദ്യയും നിറക്കൂട്ട് എന്ന ചിത്രത്തിലെ ‘പൂമാനമേ ഒരു രാഗമേഘം താ’ എന്ന ഗാനവുമായി ജസ്‌നയും വേദിയിലെത്തി. കഴിഞ്ഞകാല സംഗീതത്തില്‍നിന്ന് തെരഞ്ഞെടുത്ത പത്തു മലയാളം ചലച്ചിത്രഗാനങ്ങളാണ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. 1992ലെ ഹിറ്റ് ചിത്രമായ റോജയിലെ ‘ചിന്ന ചിന്ന ആസൈ’ എന്ന ഗാനം ആലപിച്ച ജസ്‌നയുടെ പ്രകടനത്തോടെ ഗാനമേളയ്ക്ക് സമാപനമായി.

എംഇഎസ് കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരായ ജിക്കി ജോസ്, അജാസുദ്ദീന്‍, അക്കാഡമിക് കോ-ഓഡിനേറ്ററായ അയ്യപ്പന്‍ പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ കീഴില്‍ സാമൂഹ്യപ്രവര്‍ത്തനം എന്ന നിലയിലാണ് വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് അജാസുദ്ദീന്‍ പറഞ്ഞു. ഇത് വിദ്യാര്‍ഥികള്‍ക്കും, ഒപ്പം സംഗീതസാന്തവനം ലഭിച്ച രോഗികള്‍ക്കും ഗുണകരമായി. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഈ ഉദ്യമത്തെക്കുറിച്ച് മതിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലയിലൂടെ രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡു​​മായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എല്ലാ ബുധനാഴ്ച്ചയും സംഘടിപ്പിക്കുന്ന ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 165ാം പതിപ്പാണ് നടന്നത്.

NO COMMENTS

LEAVE A REPLY