കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) സിഇഒ ആയി മഞ്ജു സാറാ രാജനെ നിയമിച്ചു. കെബിഎഫിന്റെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവരുള്‍പ്പെട്ട ട്രസ്റ്റി ബോര്‍ഡ് കഴിഞ്ഞയാഴ്ച നിയമനം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം. ‘ജനകീയ ബിനാലെ’ എന്നറിയപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെയുടെ സംഘാടകരായ കെബിഎഫിന്റെ സിഎഫ്ഒ-യും വനിതയാണ്. ഇതോടെ കെബിഎഫിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടു സ്ഥാനങ്ങങ്ങളും വനിതകളുടെ പേരിലായി. ഡിസംബര്‍ 12ന് ആരംഭിക്കാനിരിക്കുന്നതും മൂന്നുമാസം നീണ്ടുനില്‍ക്കുന്നതുമായ ബിനാലെയുടെ മൂന്നാം പതിപ്പിന് മുന്നോടിയായാണ് പുതിയ സിഇഒ നിയമനം.
കഴിഞ്ഞ ഫെബ്രുവരിയില്‍ മഞ്ജു(38) കെബിഎഫിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി നിയമിക്കപ്പെട്ടിരുന്നു. സിഡ്‌നിയിലെ മാക്വെയര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ജേണലിസം ബിരുദം നേടിയശേഷം ഹോങ്‌കോങില്‍ പ്രശസ്തമായ ടൈം മാഗസീന്റെ ഏഷ്യന്‍ പതിപ്പിലിടക്കം പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ ഒരു ദശാബ്ദത്തിലേറെ പ്രവര്‍ത്തിച്ചു. ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് ഇന്ത്യയുടെ സ്ഥാപക പത്രാധിപ കൂടിയാണ് മഞ്ജു. കെബിഎഫിന്‍റെ സര്‍ഗപരവും സാമ്പത്തികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം മഞ്ജുവിനായിരിക്കും. വിദ്യാഭ്യാസപരിപാടികളും പ്രചാരണ പരിപാടികളും ഇതില്‍ പെടും. കഴിഞ്ഞ കുറെ മാസങ്ങളില്‍ കെബിഎഫില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ മഞ്ജുവിനെ സിഇഒ ആയി നിയമിക്കുകയായിരുന്നുവെന്ന് സെക്രട്ടറി റിയാസ് കോമു പറഞ്ഞു. സമകാലിന കലയെക്കുറിച്ച് മികച്ച പരിജ്ഞാനമുള്ള മഞ്ജുവിന്റെ അര്‍പ്പണമനോഭാവവും അഭിനിവേശവും
ഈ നിയമനത്തിലേയ്ക്കു നയിച്ചു. നാട്ടിലും വിദേശത്തുമുള്ള മഞ്ജുവിനുള്ള അനുഭവസമ്പത്ത് ബിനാലെയ്ക്ക് പുതിയൊരു മാനം നല്‍കാന്‍ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെബിഎഫിന്റെ തലപ്പത്ത് മികച്ച ഒരു ടീമാണ് ഇപ്പോഴുള്ളത്. സിഎഫ്ഒ ട്രീസ ജയ്ഫര്‍ മഞ്ജുവിന് വേണ്ട പിന്തുണ നല്‍കുമെന്നും റിയാസ് അറിയിച്ചു. പുതിയ പാതകള്‍ക്ക് തുടക്കം കുറിച്ചിരുന്ന കെബിഎഫിന്‍റെ പ്രവര്‍ത്തനം കഴിഞ്ഞ നാലു വര്‍ഷമായി തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്ന് മഞ്ജു സാറാ രാജന്‍ പറഞ്ഞു. വളരെ ആവേശത്തോടെയാണ് ഇതിന്റെ ഭാഗമായതും കമ്യൂണിക്കേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചതും. പുതിയ നിയമനം വലിയ ബഹുമതിയാണെങ്കിലും സിഇഒ തസ്തിക വളരെയധികം ഉത്തരവാദിത്തമുള്ളതാണ്. പക്ഷേ കെബിഎഫില്‍ മികച്ച ടീമുള്ളതുകൊണ്ട് നന്നായി മുന്നോട്ടുപോകാന്‍ കഴിയുമെന്ന് മഞ്ജു പറഞ്ഞു.