കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീനകലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് സ്ഥിരം വേദി നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിരം വേദിയില്ലാത്തതിന്റെ വിഷമതകള്‍ ബിനാലെ നേരിടുന്ന പ്രധാന പ്രശ്‌നമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കം ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വെനീസ് ബിനാലെയുടെ വിജയത്തിനു കാരണം അവിടെയുള്ള സ്ഥിരം വേദിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കണക്കിലെടുത്തു കൂടിയാണ് കൊച്ചി ബിനാലെയ്ക്കും സ്ഥിരം വേദിയെന്ന ആശയം വന്നതെന്നും അദ്ദേഹം പറഞ്ഞു. സമകാലീന കലാപ്രദര്‍ശനത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ബിനാലെ കൂടുതല്‍ മികച്ചതാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയുടെ പൗരാണിക ചരിത്രം സാഹസികതയുടേതാണ്. ബിനാലെ പോലൊരു സംരംഭത്തിലൂടെ ഈ സാഹസികത വര്‍ത്തമാനകാലത്തിലുമുണ്ടെന്നു തെളിയുകയാണ്. ബിനാലെ കൊച്ചിയില്‍ ചരിത്രം കുറിച്ചതുപോലെ ബിനാലെ സ്ഥിരം വേദിയും ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനകം തന്നെ ബിനാലെയ്ക്കായി ഏഴരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതമായി വകയിരുത്തിക്കഴിഞ്ഞു. ഒരു കലാസംരംഭത്തിന് രാജ്യത്ത് ഏതെങ്കിലുമൊരു സംസ്ഥാനം വകയിരുത്തുന്ന ഏറ്റവും വലിയ തുകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്താണ് ബിനാലെയെന്ന ആശയം രൂപപ്പെട്ടു വന്നത്. അന്നുതന്നെ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഫണ്ടനുവദിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ലോകത്തെ വിവിധ സംസ്‌കാരങ്ങള്‍ കേരളത്തിലേക്കും കേരളത്തിലെ സംസ്‌കാരം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പോകാനുള്ള വാതായനമായി കൊച്ചി ബിനാലെയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചു. രാജ്യാന്തര കലാരംഗത്തെയും സാംസ്‌കാരിക മേഖലയിലെയും വൈവിദ്ധ്യമാര്‍ന്ന ആവിഷ്‌കാരങ്ങളെ ബിനാലെ ഒരു കുടക്കീഴില്‍ ബിനാലെ കൊണ്ടു വന്നു. സാര്‍വലൗകികമായ സ്വഭാവം കൊണ്ടും വൈവിധ്യമുള്ള സാംസ്‌കാരിക ശോഭ കൊണ്ടും കൊച്ചി തന്നെയാണ് ബിനാലെയ്ക്ക് ഏറ്റവും പറ്റിയ ഇടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലീനകലയുടെ പ്രദര്‍ശനമാണെങ്കിലും ബിനാലെയിലൂടെ സാമൂഹ്യവും സാമ്പത്തികവുമായ മെച്ചവുമുണ്ട്. ടൂറിസം മേഖലയ്ക്ക് ഉണര്‍വാണ് ബിനാലെ. ബിനാലെ ആദ്യ രണ്ട് ലക്കങ്ങള്‍ വീക്ഷിക്കുന്നതിന് ലക്ഷക്കണക്കിനാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൊച്ചിയിലെത്തിയെന്ന് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ ജനപ്രവാഹത്തിലൂടെ കൊച്ചിയ്ക്കും കേരളത്തിനും ഗുണമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.ലോകത്തെ കലാസ്‌നേഹികളുടെ തീര്‍ത്ഥാടന കേന്ദ്രമായി കൊച്ചി ബിനാലെ മാറിയെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം മേഖലയ്ക്ക് ബിനാലെ നല്‍കുന്ന സഹായം വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉള്‍ക്കാഴ്ചകളുരുവാകുന്നിടം എന്ന ബിനാലെ പ്രമേയം ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി സദസ്സിനു മുന്നില്‍ വിശദീകരിച്ചു.അടുത്ത ബിനാലെയ്ക്കായി രണ്ട് കോടി രൂപ നല്‍കുമെന്ന് ചടങ്ങില്‍ സംസാരിച്ച ബിനാലെ രക്ഷാധികാരി എം എ യൂസഫലി പറഞ്ഞു.സാംസ്‌കാരികവും ആശയപരവുമായ അധിനിവേശം രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന കാലമാണിതെന്ന് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള പ്രചോദനമാണ് ബിനാലെയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലോ കൊച്ചിയിലോ അല്ലായിരുന്നെങ്കില്‍ ബിനാലെ സാധ്യമാവുകയില്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി.
കൊച്ചിയിലെ സാധാരണക്കാരാണ് ബിനാലെയുടെ യഥാര്‍ത്ഥ ശക്തിയെന്ന് ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ച ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ആദ്യ ബിനാലെയില്‍ കേവലം പതിനായിരം ചതുരശ്ര അടി സ്ഥലം മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് അര ലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നിരിക്കുന്നു. ഇതിന് സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ബോസ് പറഞ്ഞു.കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ആധ്യക്ഷം വഹിച്ചു. എം പി കെ വി തോമസ്, എംഎല്‍എമാരായ കെ.ജെ മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ് മുന്‍ മേയര്‍ കെ.ജെ സോഹന്‍, ആഭ്യന്തര വകുപ്പ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു. വി, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള കെ എന്നിവരും ചടങ്ങില്‍ സന്നിഹിതരാ യിരുന്നു.
പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള 150 ചെണ്ട കലാകാരന്മാരുടെ മേളം വിശിഷ്ടാതിഥികളെയും പൊതുജനത്തെയും ഉദ്ഘാടന സദസ്സിലേക്ക് ക്ഷണിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം സുമന്‍ ശ്രീധറിന്റെയും ദി ബ്ലാക്ക് മാംബ എന്ന ബാന്‍ഡിന്റെയും സംഗീത പരിപാടിയും അരങ്ങേറി.ബിനാലെ ഫൗണ്ടേഷന്‍ സിഇഒ മഞ്ജു സാറ രാജന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ സുനില്‍ വി, ഹോര്‍മിസ് തരകന്‍, ജോസ് ഡോമിനിക്, സുഭാഷ് ചന്ദ്രന്‍, തസ്‌നിം മേത്ത, അലക്‌സ് കുരുവിള, ബോണി തോമസ്, രക്ഷാധികാരികള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.