കൊച്ചി: ഇന്ത്യയിൽ ലഹരി ഉപയോഗത്തില്‍ കൊച്ചി മൂന്നാം സ്ഥാനത്തും കേരളത്തിലാകട്ടെ ഏറ്റവും അധികം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതും കൊച്ചിയിലാണ് . മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗത്തിലും വ്യാപനത്തിലും മറ്റ് നഗരങ്ങളെ പിന്നിലാക്കി കൊച്ചി മുന്നേറുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു ഡസനോളം ലഹരിവേട്ടയാണ് കൊച്ചി സിറ്റി പോലീസിന്റെ പരിധിയില്‍ നടന്നിട്ടുള്ളത്. മിക്കതിലും പിടിച്ചെടുത്തതാകട്ടെ ഹെറോയിന്‍ പോലുള്ള മാരകമായ ലഹരിവസ്തുക്കളും.
കൊച്ചിയില്‍ രഹസ്യമായി നടക്കുന്ന വേവ് പാര്‍ട്ടികളിലേക്ക് എത്തിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതില്‍ അധികവും. ഞായറാഴ്ച ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് പേരില്‍ ഒരാള്‍ നഗരത്തിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ്. തപന്‍ ബര്മന് എന്ന 24-കാരന് വടക്കേ ഇന്ത്യയില്‍ നിന്നും വന്‍ തോതില്‍ മയക്കുമരുന്ന് എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ്. മറ്റ് രണ്ട് കേസുകളിലായി നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാവേലിക്കര സ്വദേശി രാഹുല്‍(21), ചങ്ങനാശേരി സ്വദേശി നസീം(20) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് ഹാഷിഷ്, ലാസ, കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകള്‍, ബസുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ വഴിയാണ് ലഹരി വസ്തുക്കള്‍ ഏറ്റവും അധികം കേരളത്തിലേക്ക് എത്തുന്നത്. ഇതിനു പിന്നില്‍ വലിയ സംഘബലമുള്ള ലോബികളുണ്ട്. ഇവരെ പിടികൂടാനാകാത്തതാണ് നിര്‍ബാധം കഞ്ചാവ് നഗരത്തിലേക്ക് ഒഴുകാന്‍ കാരണം.
ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും വീട്ടുകാര്‍ അറിയാതെ പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്ന നിലയ്ക്ക് യുവാക്കള്‍ ഇതിനെ കാണുന്നു എന്നതും അപകടകരമായ സ്ഥിതിവിശേഷമായി മാറി. 50 ഗ്രാമുള്ള ഒരു കഞ്ചാവ് പൊതിക്ക് 50 മുതല്‍ 100 രൂപ വരെ കൊച്ചിയിലെ ഇടനിലക്കാര്‍ ഈടാക്കുന്നു. മൂന്നു മുതല്‍ നാല് റോളുകള്‍ വരെ ഇത് ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കും.
ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടെ മാത്രം വില്ക്കാന് നിയമമുള്ള ഗുളികകളും മയക്കുമരുന്നിന് പകരമായി ഉപയോഗിക്കുന്നതും കൂടിയിട്ടുണ്ട്. എംആര്‍പിയുടെ അഞ്ചിരട്ടി വരെ വില നല്‍കിയാണു ലഹരി ഗുളികകള്‍ ആവശ്യക്കാര്‍ നേടിയെടുക്കുന്നത്.
ഹെറോയിന്‍, മയക്കുമരുന്നു പോലുള്ളവയ്ക്ക് വലിയ വില നല്കേണ്ടതിനാല് പണക്കാരുടെ വിഹാരകേന്ദ്രങ്ങളിലാണ് ഇവ വ്യാപകമായി കാണുന്നത്. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ നടത്തപ്പെടുന്ന നിശാപാര്‍ട്ടികള്‍, ഡിജെ നൈറ്റ്, ഡാന്‍സ് പാര്‍ട്ടികള്‍ എന്നിവിടങ്ങളിലാണ് ഇവ ലഭിക്കുന്നത്.
ഹെറോയിന്‍, മഷ്റൂം, മയക്കുമരുന്ന്, ഗുളികകള്‍, ലഹരിയുള്ള കഷായങ്ങള്‍ തുടങ്ങി ഹൈ ഡോസുള്ള മരുന്നുകള്‍ മുതല്‍ ഡോസ് കുറഞ്ഞ കഞ്ചാവ് വരെ കൊച്ചി നഗരത്തില്‍ സുലഭമായി എത്തുന്നുണ്ടെന്നാണ് സൂചന. മുന്‍ വര്‍ഷങ്ങളെക്കാള്‍ കഞ്ചാവിന്റെ വ്യാപനവു നഗരത്തില്‍ കൂടിയിട്ടുണ്ട്. സിഗരറ്റ് പോലെ റോളാക്കി വലിക്കുന്നവരാണ് കൂടുതലെങ്കിലും കഞ്ചാവ് വെള്ളത്തിലിട്ട് ബോംഗ് ഉപയോഗിക്കുന്നവരും നിരവധിയുണ്ട്.