കൊച്ചി-ധനുഷ്കോടി ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ കേന്ദ്രാനുമതി

237

മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാത (എന്‍.എച്ച്‌-49) 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ കേന്ദ്രാനുമതി. ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നടപടികള്‍ ഈ വര്‍ഷത്തോടെ ആരംഭിക്കും.
45 മീറ്ററിലാണു വീതി കൂട്ടുന്നതെങ്കിലും 60 മീറ്റര്‍ വീതിയിലാകും സര്‍വേ നടപടികള്‍. ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ലഭിക്കുന്ന ആദ്യ ദേശീയപാത വികസനാനുമതിയാണ് ഇത്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസമാണു കേന്ദ്ര ഗതാഗത മന്ത്രാലയത്തില്‍നിന്നു കൊച്ചിയിലെ ദേശീയപാത അഥോറിട്ടി ഓഫീസില്‍ ലഭിച്ചത്. ദേശീയപാതകളുടെ വികസനത്തിനായി 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്തു നല്‍കണമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.ദേശീയപാതകള്‍ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ സ്ഥലം ഏറ്റെടുത്തു നല്‍കുമെന്ന് ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ഉറപ്പും നല്‍കിയിരുന്നു.സര്‍വേ പൂര്‍ത്തിയായാല്‍ ഭൂമി അളന്നുതിരിച്ച്‌ കല്ലിട്ട് ഏറ്റെടുക്കുന്ന നടപടികള്‍ നടക്കും.
കൊച്ചിയിലെ മരടില്‍നിന്ന് തമിഴ്നാട്ടിലെ ധനുഷ്കോടി വരെ നീളുന്ന ദേശീയപാതയ്ക്ക് 440 കിലോമീറ്ററാണു ദൈര്‍ഘ്യം. കേരളത്തിലൂടെയുള്ള പാതയ്ക്കു തമിഴ്നാട്ടിലെ ബോഡിമെട്ടുവരെ 167.6 കിലോമീറ്ററാണു ദൈര്‍ഘ്യം. ഇത്രയും ദൂരം 45 മീറ്റര്‍ വീതിയില്‍ നാലുവരി പാത നിര്‍മിക്കുന്നതാണു പദ്ധതി. തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, മൂന്നാര്‍, ബോഡിമെട്ട്, മധുര, രാമനാഥപുരം, ധനുഷ്കോടി പട്ടണങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. പുതിയ അലൈന്‍മെന്‍റ് പ്രകാരം തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും കോതമംഗലവും ബൈപ്പാസുകളിലൂടെ മാത്രമേ ഈ ദേശീയപാതയോടു ബന്ധിപ്പിക്കുകയുള്ളൂ. എറണാകുളം ജില്ലാ അതിര്‍ത്തിയായ നേര്യമംഗലം കഴിഞ്ഞാല്‍ അടിമാലി, മൂന്നാര്‍, ദേവികുളം, പൂപ്പാറ വഴിയാണ് പാത ബോഡിമെട്ടിലേക്കു പ്രവേശിക്കുന്നത്. ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാര പ്രാധാന്യം ഏറെയുള്ള ദേവികുളം, മൂന്നാര്‍ മേഖലകള്‍ക്ക് ഏറെ വികസനസാധ്യതയും കൈവരും. അന്പതുകിലോമീറ്ററോളം വനമേഖലയിലൂടെ ദേശീയപാത കടന്നുപോകുന്നുണ്ട്. വനഭൂമി വനംവകുപ്പില്‍ തന്നെ നിലനിര്‍ത്തി റോഡ് വികസിപ്പിക്കാനാകും ശ്രമം. ജനവാസ മേഖലകളില്‍ 2014 ലെ ഭൂമിയേറ്റെടുക്കല്‍ ചട്ടപ്രകാരമാകും റോഡ് വികസനത്തിനു ഭൂമിയേറ്റെടുക്കുക. ദേശീയപാത വികസന അഥോറിറ്റിക്കാണ് റോഡ് വികസനത്തിന്‍റെ പൂര്‍ണ ചുമതല. നിലവില്‍ ഈ ദേശീയപാതയ്ക്ക് 10 മുതല്‍ 15 മീറ്റര്‍ മാത്രമാണ് വീതിയുള്ളത്.

NO COMMENTS

LEAVE A REPLY