കൊച്ചി: മെട്രോ റെയില്‍ ട്രയല്‍ സര്‍വീസ് ബുധനാഴ്ച മുതല്‍ ആരംഭിക്കും. സുരക്ഷാ കമ്മീഷണറുടെ(സിഎംആര്‍എസ്) അന്തിമാനുമതിയും ലഭിച്ച പശ്ചാത്തലത്തില്‍ സമയപ്പട്ടിക തയാറാക്കിയാണ് കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ ആരംഭിക്കുന്നത്. വാണിജ്യ സര്‍വീസിന്റെ അതേ ക്രമത്തില്‍ സമയപ്പട്ടിക തയാറാക്കി മെട്രോയുടെ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയും ഓരോ സ്റ്റേഷനുകളിലും നിര്‍ത്തേണ്ട സമയമടക്കം പാലിച്ചുമായിരിക്കും സര്‍വീസ് ട്രയല്‍. ആദ്യദിനമായ ബുധനാഴ്ച നാലു ട്രെയിനുകള്‍ ഉപയോഗിച്ചാണു സര്‍വീസ് ട്രയല്‍ നടത്തുന്നതെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ അത് ആറു ട്രെയിന്‍ വീതമാക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്ന അത്രയും കാലം ഈ സര്‍വീസ് ട്രയലുകള്‍ തുടരും. ഏറ്റവും കുറഞ്ഞത് ഒരാഴ്ച മുതല്‍ പത്തു ദിവസം വരെ സര്‍വീസ് ട്രയലുകള്‍ നടത്തേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു.