കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനം ജൂൺ 17 ന് നടക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ആലുവയിലാണ് ഉദ്ഘാടനം നടക്കുക.
നേരത്തെ സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം 30ന് മെട്രോ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മേയ് 29 മുതല്‍ ജൂണ്‍ മൂന്ന് വരെ മുന്‍കൂട്ടി നിശ്ചയിച്ച വിദേശ യാത്രയുള്ളതിനാല്‍ പ്രധാനമന്ത്രിക്ക് ചടങ്ങിന് എത്താന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ഇതോടെ രണ്ട് മാസം മുമ്പ് നിശ്ചയിച്ച വിദേശ യാത്രയുടെ അന്നുതന്നെ ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ ഒഴിവാക്കുകയാണെന്ന വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഉദ്ഘാടന തീയ്യതി തീരുമാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയ്യതിക്കായി കാത്തിരിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.