കൊച്ചി: യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രയുടെ സംഘാടകര്‍ക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. കൊച്ചി മെട്രോ അസിസ്റ്റന്‍റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും കാണിച്ചാണു പരാതി.
നിയമം 62 വകുപ്പ് പ്രകാരമാണു പൊലീസ് കേസെടുത്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനകീയ മെട്രോ യാത്രയില്‍ പങ്കെടുത്തിരുന്നു. മെട്രോയുടെ പിതൃത്വം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനാണെന്ന് അവകാശപ്പെട്ടായിരുന്നു പരിപാടി. നേതാക്കളുടെ സാന്നിധ്യത്തില്‍ ആലുവ മെട്രോ സ്റ്റേഷനിലേക്കു പ്രവേശിച്ച ജനസഞ്ചയം എല്ലാ വിലക്കുകളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേര്‍ക്കു നേരത്തെ ടിക്കറ്റ് വാങ്ങിയിരുന്നു. എന്നാല്‍ തിരക്കേറിയതോടെ ടിക്കറ്റ് പരിശോധനാഗേറ്റുകള്‍ തുറന്നുവച്ചു. പ്രവര്‍ത്തകരുടെ തിക്കുംതിരക്കും മൂലം ഉമ്മന്‍ചാണ്ടിക്ക് രമേശ് ചെന്നിത്തലയ്ക്കൊപ്പം ആദ്യ ട്രെയിനില്‍ കയറാനായില്ല. രണ്ടാമത്തെ ട്രെയിനിലാണ് ഉമ്മന്‍ചാണ്ടി കയറിയത്. യാത്ര അവസാനിച്ച പാലാരിവട്ടം സ്റ്റേഷനിലെ എസ്കലേറ്റര്‍ ആളുകള്‍ തിങ്ങിക്കയറിയതോടെ തകരാറിലായി.
സുരക്ഷാ പരിശോധനയ്ക്കുള്ള മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇളകിയാടി. ഓട്ടമാറ്റിക് ഫെയര്‍ കലക്ഷന്‍ ഗേറ്റുകള്‍ തുറന്നുവച്ചു. സുരക്ഷാ പരിശോധനയില്ലാതെ ആളുകള്‍ ഇടിച്ചുകയറി. അപകടകരമായ രീതിയില്‍ പ്ലാറ്റ്ഫോമില്‍ വരെ തിരക്കും ബഹളവുമായി. സുരക്ഷാ ജീവനക്കാരുടെ നിര്‍ദേശം അപ്പാടെ അവഗണിക്കപ്പെട്ടു. പരമാവധി 1000 പേര്‍ക്കു കയാറാവുന്ന മെട്രോയില്‍ അതിലുമേറെ ആളുകള്‍ ഇടിച്ചു കയറിയപ്പോള്‍ വാതിലുകള്‍ അടയ്ക്കാനും കഴിഞ്ഞിരുന്നില്ല.
കൊച്ചി മെട്രോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനകീയ യാത്രയിലൂടെയുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നു വ്യക്തമാക്കിയ യുഡിഎഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങില്‍ അവഗണിച്ചതിലുള്ള പ്രതിഷേധമാണു പ്രകടിപ്പിച്ചതെന്നും പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ ബുദ്ധിമുട്ടോ ഉണ്ടാകുമെന്നു കരുതിയില്ല. പ്രവര്‍ത്തകരുടെ വികാരമാണ് അവിടെ പ്രകടമായത്. കെഎംആര്‍എല്‍ ഉള്‍പ്പെടെ ഉന്നയിച്ച പരാതികളില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ചെന്നിത്തല അന്നു പറഞ്ഞിരുന്നു.