ബിനാലെ : കലാവൈവിധ്യത്തെ പുകഴ്ത്തി കവി അശോക് വാജ്‌പേയി

237

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ കലാ വൈവിധ്യത്തെ പ്രകീര്‍ത്തിച്ച് പ്രശസ്ത സാഹിത്യകാരന്‍ അശോക് വാജ്‌പേയി. ബിനാലെ പ്രദര്‍ശനഇനങ്ങളുടെ തെരഞ്ഞെടുപ്പും ക്രമീകരണങ്ങളും ഏറെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിസ്റ്റുകള്‍ക്ക് തങ്ങളുടെ സങ്കല്‍പ്പത്തിനനുസരിച്ച് നിര്‍ബാധം സൃഷ്ടികള്‍ നടത്താനുള്ള സ്വാതന്ത്ര്യം തന്നെയാണ് കൊച്ചി ബിനാലെയെ വ്യത്യസ്തമാക്കുന്നത്. ഇത് കാഴ്ചക്കാരില്‍ മാന്ത്രികമായ ചലനങ്ങള്‍ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബ്ദകലയും നാട്യകലകളും ഉള്‍പ്പെടുത്തിയതു വഴി ബിനാലെയ്ക്ക് പുതിയ മാനം കൈവന്നിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ഇത്ര വൈവിദ്ധ്യം നിറഞ്ഞ കലാപ്രദര്‍ശം താന്‍ കണ്ടിട്ടില്ല. കവിതകളുടെ പ്രതീകവത്കരണവും അനാമിക ഹസ്‌കറിന്റെ പ്രകടനവും തന്റെ മനസ് നിറച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 1994 ല്‍ കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം നേടിയിട്ടുള്ള അശോക് വാജ്‌പേയി 23 ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മധ്യപ്രദേശ് കേഡറില്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ലളിത കലാ അക്കാദമി ചെയര്‍മാനുമായിരുന്നു. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍ രാഘവന്‍, തമിഴ്‌നാട് കരകൗശല വികസന കോര്‍പ്പറേഷന്‍ ഡോ സന്തോഷ് ബാബു ഐഎഎസ് എന്നിവരും ബിനാലെ സന്ദര്‍ശിച്ചു.

NO COMMENTS

LEAVE A REPLY