കൊച്ചി: ഞായറാഴ്ച രാവിലെ പത്തു മണിക്ക് തന്നെ എറണാകുളം ബോട്ടു ജെട്ടിയില്‍ യാത്രക്കാരുടെ നീണ്ട നിര. ആളുകളുടെ നിര ജെട്ടി ടെര്‍മിനലും കഴിഞ്ഞ് പുറത്തേക്കെത്തിയിരിക്കുന്നു. അകത്തേക്ക് കയറാന്‍ പോലും വയ്യ. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം തുടങ്ങിയതിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തിലെ കാഴ്ചയാണിത്. ബോട്ടു കയറി ബിനാലെ പ്രദര്‍ശനങ്ങളുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയാല്‍ അവിടെയും നീണ്ട ക്യൂ. ഇക്കുറി ടിക്കറ്റെടുക്കാനുള്ളതാണ്. അവിടെ നിന്നും അകത്ത് കയറിയാല്‍ പ്രദര്‍ശനം കാണാനും ക്യൂ. സ്ലോവേനിയന്‍ കലാകാരന്‍ അലേഷ് ഷ്‌റ്റെയ്ഗറിന്റെ ചാണക പിരമിഡിനുള്ളില്‍ കയറാനാണ് തിരക്കു കൂടുതല്‍. ചാണകവരളികള്‍ കൊണ്ട് നിര്‍മ്മിച്ച പിരമിഡും അതിനുള്ളിലെ നിഗൂഢതയും കാണികളെ അത്ഭുതപ്പെടുത്തുകയാണ്.
ബിനാലെ പ്രദര്‍ശനങ്ങള്‍ ഒരാഴ്ച കടന്നപ്പോള്‍ വിവിധ വേദികള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം മുപ്പതിനായിരത്തോളം വരും. ഒരു ദിവസം ശരാശരി 300 പേര്‍ സന്ദര്‍ശകരായി എത്തിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇതിലേറെപ്പേരും. ഉദ്ഘാടന ദിവസം മാത്രം ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലും വിവിധ ബിനാലെ വേദികളിലുമായി ഏതാണ്ട 5000 പേരെത്തിയിരുന്നു. എല്ലാ ദിവസവും വൈകീട്ട് ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ വിവിധ കലാപരിപാടികള്‍ ഉണ്ട്. തികച്ചും സൗജന്യമായി ഈ പരിപാടികള്‍ ആസ്വദിക്കാന്‍ ആയിരക്കണക്കിനു പേരെത്തുന്നു.