ബിനാലെ കാലത്തിനൊത്ത് നീങ്ങുന്നു പത്മഭൂഷണ്‍ ഗുലാം മുഹമ്മദ് ഷേഖ്

254

കൊച്ചി: വര്‍ത്തമാനകാല സംഭവങ്ങളെ ഉള്‍ക്കൊള്ളുന്നു എന്നുള്ളതാണ് കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് പ്രശസ്ത ചിത്രകാരന്‍ പത്മഭൂഷണ്‍ ഗുലാം മുഹമ്മദ് ഷേഖ് പറഞ്ഞു. ലോക കലയെ കൊച്ചിയുടെ വാതില്‍പ്പടിയില്‍ കൊണ്ടു വന്നു നിറുത്താന്‍ ബിനാലെയ്ക്കായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിനാലെ മൂന്നാം ലക്കം കാണാനെത്തിയതായിരുന്നു ഗുലാം മുഹമ്മദ് ഷേഖ്.

ചിത്രകാരന്‍, കവി, കലാ നിരൂപകന്‍ എന്നീ മേഖലകളില്‍ പ്രശസ്തനായ ഗുലാം ഷേഖ് ബറോഡയിലെ മഹാരാജ സായാജിറാവു യൂണിവേഴ്‌സിറ്റിയിലെ ചിത്രകല പ്രൊഫസര്‍ കൂടിയാണ്. 2014 ലെ ബിനാലെ രണ്ടാം ലക്കത്തില്‍ പങ്കെടുത്ത ആര്‍ട്ടിസ്റ്റ് കൂടിയായ അദ്ദേഹം ഇക്കുറി നിലവാരം നിലനിറുത്തിയെന്നും പറഞ്ഞു. കുടിയേറ്റം പോലുള്ള വര്‍ത്തമാനകാല സംഭവങ്ങളിലെ വേദനയെ പ്രതിപാദിക്കുന്നതാണ് ബിനാലെയെന്നും പറഞ്ഞു.

വൈകാരികമായി മാത്രമല്ല, തത്വചിന്തയില്‍ അധിഷ്ഠിതമായ ഒരു രേഖയാണ് ബിനാലെയെന്ന് ഗുലാം ഷേഖ് പറഞ്ഞു. ഈ തത്വചിന്തയാണ് ഓരോ പ്രതിഷ്ഠാപനത്തിന്റെയും മുന്നില്‍ കലാസ്വാദകരെ ഇരുത്തി ചിന്തിപ്പിക്കുന്നത്. പല സൃഷ്ടികളും ദിവസങ്ങള്‍ കഴിഞ്ഞാലും മനസില്‍\ിന്ന് മായാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കലാരംഗത്തെ സംഭാവനകള്‍ക്ക് 2014 ലാണ് ഗുലാം ഷേഖിന് പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചത്. നഗരം വില്‍പനയ്ക്ക് (സിറ്റി ഫോര്‍ സെയില്‍) എന്ന അദ്ദേഹത്തിന്റെ പൊതുസൃഷ്ടി ഫോര്‍ട്ട്‌കൊച്ചിയിലെ വാസ്‌കോ ഡ ഗാമ ചത്വരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബാലന്‍സിംഗ് ആക്ട് എന്ന സൃഷ്ടിയാണ് ബിനാലെ രണ്ടാം ലക്കത്തില്‍ പ്രദര്‍ശിപ്പിച്ചത്.

ചൈനീസ് ആര്‍ട്ടിസ്റ്റ് ഡായി സിയാങിന്റെ സൃഷ്ടി ഏറെ ഇഷ്ടമായെന്ന് ഗുലാം ഷേഖ് പറഞ്ഞു. ഡിജിറ്റല്‍ ടെക്‌നോളജിയിലൂടെ ചിത്രച്ചുരുളുകള്‍ ഉണ്ടാക്കിയിരിക്കുകയാണ്. വര്‍ത്തമാനകാല കഥാപാത്രങ്ങളെ വച്ച് 200 വര്‍ഷം മുമ്പത്തെ ക്വിങ് മിങ് ഉത്സവം പകര്‍ത്തിയിരിക്കുന്നു. ഇതില്‍ സമകാലീന പ്രശ്‌നങ്ങളും ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതികത്തികവിന്റെ കാര്യത്തില്‍ ബിനാലെ മൂന്നാം ലക്കം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കലുഷിതമായ ലോകത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം വിവിധ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള കലാസൃഷ്ടികളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട സമൂഹത്തിന് അത് തിരിച്ചു നല്‍കുന്നത് കലയിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ തത്വം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കൊച്ചി-മുസിരിസ് ബിനാലെ രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചില സൃഷ്ടികള്‍ തന്നെ വല്ലാതെ സ്വാധീനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ല്യു വീയുടെ പ്രതിഷ്ഠാപനമായ ബിഗ് ഡോഗ് ഉണ്ടാക്കിയിരിക്കുന്നത് പാഴ്‌വസ്തുക്കള്‍ കൊണ്ടാണ.് അത് പുതിയ മാനം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച കലാസൃഷ്ടികളാണ് കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം മുന്നോട്ടു വച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഘാടനത്തിലും ഉള്ളടക്കത്തിലും ഇതിന് താരതമ്യങ്ങളില്ലെന്നും ഗുലാം ഷേഖ് അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY