കലയുടെ ഭാഷ നിര്‍ണയിക്കുന്നത് പ്രമേയമാകണം, മാധ്യമമല്ല : മല്ലിക സാരാഭായി

276

കൊച്ചി: ഏതൊരു കലാസൃഷ്ടിയ്ക്കും ആശയവിനിമയം അത്യന്താപേക്ഷിതമാണെന്ന് പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായി പറഞ്ഞു. എന്നാല്‍ പ്രമേയമായിരിക്കണം കലയുടെ ഭാഷ നിര്‍ണയിക്കേണ്ടത്. മാധ്യമം പ്രമേയം നിര്‍ണയിക്കുന്ന അവസ്ഥയുണ്ടാകരുതെന്നും അവര്‍ പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെ സന്ദര്‍ശിക്കാന്‍ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ എത്തിയതായിരുന്നു മല്ലിക. കലാകാരനു പറയാനുള്ളതെല്ലാം പറയുന്ന സൃഷ്ടികള്‍ തന്നെ ഏറെ ആകര്‍ഷിക്കാറുണ്ടെന്ന് മല്ലിക പറഞ്ഞു. ചില കലാകാരന്മാര്‍ നേരത്തെ തന്നെ മാധ്യമം തെരഞ്ഞെടുത്ത് പിന്നീട് പ്രമേയം കണ്ടെത്തുന്നു. ഈ പ്രവണത തനിക്ക് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളാണ് മല്ലിക സാരാഭായി. അഹമ്മദാബാദില്‍ ദര്‍പ്പണ അക്കാദമിയെന്ന് നൃത്ത വിദ്യാലയം നടത്തുകയാണവര്‍.

ബിനാലെ മൂന്നാം ലക്കത്തെക്കുറിച്ച് വിശദീകരിക്കാന്‍ പ്രയാസമാണ്. അത്രയ്ക്ക് ഉള്‍ക്കാമ്പുള്ളതാണ് ഇവിടുത്തെ സൃഷ്ടികളെന്ന് മല്ലിക പറഞ്ഞു. തൃശ്ശൂരിലെയും എറണാകുളത്തെയും നൃത്ത പരിപാടികള്‍ക്ക് വേണ്ടിയാണ് താന്‍ കേരളത്തിലെത്തിയത്. രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ബിനാലെയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അവര്‍ പറഞ്ഞു. നിരവധി കലാകാരികള്‍ ബിനാലെയില്‍ പങ്കെടുക്കുന്നത് സന്തോഷം പകരുന്ന കാര്യമാണെന്ന് അവര്‍ പറഞ്ഞു. ഏത് സൃഷ്ടിയാണ് ഏറ്റവും ഇഷ്ടമായതെന്ന ചോദ്യം അപ്രസക്തമാണ്. ഓരോ തവണ പ്രദര്‍ശനങ്ങള്‍ കാണുമ്പോഴുള്ള മാനസികാവസ്ഥയെ അനുസരിച്ച് അവ മാറിക്കൊണ്ടിരിക്കും. ഇന്ന് ഇഷ്ടപ്പെടുന്ന കലാസൃഷ്ടി അടുത്ത ദിവസവും പ്രിയപ്പെട്ടതാകണമെന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അടുത്ത ബിനാലെ കാണാനെത്തുമെന്നും അതില്‍ നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കാനുമാകുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു

NO COMMENTS

LEAVE A REPLY