പരിമിതികള്‍ മറികടക്കുന്നതിന് കൊച്ചി-മുസിരിസ് ബിനാലെ സഹായിച്ചു : സുദര്‍ശന്‍ ഷെട്ടി

358

കൊച്ചി : കലാലോകത്തേക്കുള്ള കാഴ്ചയ്ക്ക് പുതിയ വഴികള്‍ കൊച്ചി-മുസിരിസ് ബിനാലെ തുറന്നുതന്നുവെന്നും പല രീതിയിലും അതൊരു മാര്‍ഗദീപമായെന്നും ബിനാലെ 2016ന്റെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി. പരിമിതികളെ മറികടക്കുന്നതിന് ബിനാലെ സഹായിച്ചതായും അതിലെ അനുഭവങ്ങളും അവിടെനിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളും പങ്കുവച്ച് കൊച്ചി-മുസിരിസ് റാസ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആര്‍ട്ട് മാറ്റേഴ്‌സ് സംഭാഷണപരമ്പരയില്‍ അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ ബുധനാഴ്ച്ച നടന്ന പരിപാടിയില്‍ കെഎംബി 2016ല്‍ പങ്കെടുത്ത കവയിത്രി ശര്‍മിഷ്ഠ മൊഹന്തിയാണ് സുദര്‍ശന്‍ ഷെട്ടിയുമായി സംഭാഷണത്തിലേര്‍പ്പെട്ടത്. ശൂന്യ ഘര്‍ (ശൂന്യമായ വീട്) എന്ന തന്റെ സൃഷ്ടി ഭക്തിപ്രസ്ഥാന സന്യാസി ഗോരഖ്‌നാഥിന്റെ ഒരു കവിതയില്‍നിന്ന് പ്രചോദിതമാണെന്ന് സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. ദോഹ എന്നറിയപ്പെടുന്ന രണ്ടുവരി കവിതകളില്‍ ആദ്യ വരി ഒരു ദൃശ്യത്തെ സ്ഥാപിക്കുമ്പോള്‍ രണ്ടാമത്തെ വരി തികച്ചും വ്യത്യസ്തവും പലപ്പോഴും എതിര്‍ അര്‍ഥം വരുന്നതുമായ ഒരു ദൃശ്യത്തെ വിവരിക്കുന്നു. ഇങ്ങനെ വിരുദ്ധങ്ങളായി നില്‍ക്കുന്ന ആശയങ്ങളില്‍ തനിക്ക് താത്പര്യമുള്ളതായും ഷെട്ടി ചൂണ്ടിക്കാട്ടി.

ഇത്തരം സ്പഷ്ടമായ വൈരുദ്ധ്യങ്ങളിലുള്ള താത്പര്യവും ഒരു വസ്തുവുമായോ കലാസൃഷ്ടിയുമായോ ദീര്‍ഘനേരത്തെ സാമീപ്യത്തിലൂടെയുള്ള ഇടപെടലിനെക്കുറിച്ചുള്ള ആശയവും ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ക്യുറേറ്റര്‍ എന്ന നിലയിലെ പ്രവര്‍ത്തനത്തിലേക്കും കൊണ്ടുവന്നിരുന്നു. കലയുടെ വിവിധ ഭാവതലങ്ങളില്‍ എത്തിച്ചേരുന്നതിനുള്ള പ്രക്രിയകള്‍ പിന്തുടരുന്നതിനും വസ്തുക്കളെ അര്‍ഥമറിഞ്ഞ് പരിചയപ്പെടുന്നതിനും സമയം ആവശ്യമുണ്ട്. ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികളുമായി ആവശ്യത്തിന് സമയം ചെലവിടാതെ അവയെ പൂര്‍ണമായും മനസിലാക്കാന്‍ സാധിക്കില്ലെന്നും ഷെട്ടി അഭിപ്രായപ്പെട്ടു. ദൃശ്യകലയുടെ വേദിയിലേക്ക് കവിതയുള്‍പ്പെടെയുള്ള വിവിധ കലാപദ്ധതികളെ കൊണ്ടുവരാന്‍ ബിനാലെവഴി സാധിച്ചു. ബിനാലെയില്‍ പങ്കെടുത്തതിലൂടെ തന്റെ കവിതയ്ക്ക് ഭൗതികരൂപം നല്‍കാനായതായി ഷര്‍മിഷ്ഠ മൊഹന്തി പറഞ്ഞു. ഇടവുമായി ഇടപെടുമ്പോള്‍ കവിതയ്ക്ക് പുതിയ അര്‍ഥങ്ങളും തലങ്ങളും കൈവരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച ആധുനിക ചിത്രകാരനായ സയീദ് ഹൈദര്‍ റാസയാണ് 2001ല്‍ റാസ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. ഫൗണ്ടേഷന്‍ കഴിഞ്ഞ നാലുവര്‍ഷമായി സംഘടിപ്പിക്കുന്ന ആര്‍ട്ട് മാറ്റേഴ്‌സ് സംഭാഷണപരമ്പരയുടെ 45ാം പതിപ്പാണ് നടന്നത്. പ്രമുഖ ഹിന്ദി കവിയായ അശോക് വാജ്‌പേയിയാണ് ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി. കാലങ്ങളിലൂടെ പരസ്പരം വേര്‍പ്പെട്ട കലാരൂപങ്ങള്‍ ഒരുമിച്ചുകൊണ്ടുവരാനുള്ള സുസ്ഥിര സംരംഭമാണ് റാസ ഫൗണ്ടേഷന്‍ നടത്തുന്നതെന്ന് അശോക് വാജ്‌പേയ് പറഞ്ഞു. ആധുനികകാലത്ത് ഏറെ വിഭിന്നമായി കാണപ്പെടുന്നവയായ പല കലാരൂപങ്ങളും പത്തൊന്‍പതാം നൂറ്റാണ്ടുവരെ ഒരേ മുദ്രകളും ചിഹ്നങ്ങളും പങ്കിട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY