‘ബിനാലെയുടെ നാട്’ കേരള ടൂറിസത്തിന്‍റെ മുഖ്യപ്രചാരണോപാധിയാകും

209

കൊച്ചി: ‘ബിനാലെയുടെ നാട്’, കേരള ടൂറിസത്തിന്റെ പ്രധാന പ്രചാരണ വാചകമാകുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ യു.വി ജോസ് അറിയിച്ചു. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പരസ്യവാചകത്തിനൊപ്പം ശക്തമായ പ്രചാരണം ബിനാലെയ്ക്കും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു അദ്ദേഹം.ദേശീയ-അന്താരാഷ്ട്ര തലത്തില്‍ അടുത്ത മൂന്നു മാസത്തേക്ക് കേരള ടൂറിസത്തിന്റെ പ്രചാരണം പൂര്‍ണമായും ബിനാലെ പ്രദര്‍ശനങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് യു.വി ജോസ് പറഞ്ഞു. റോഡ് ഷോ, വിവിധ ട്രേഡ് ഫെയറുകള്‍, ഹ്രസ്വചിത്രം എന്നിവ ബിനാലെ കേന്ദ്രീകൃതമായാകും ചെയ്യുന്നത്. ഇതിനായി ആറു കോടിയലധികം രൂപ വകയിരുത്തിയിട്ടുണ്ട്.

ഹൗസ് ബോട്ട്, ആയുര്‍വേദം എന്നീ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി സമകാലീന കല എന്നത് വിദേശ ടൂറിസം രംഗത്ത് കേരളത്തെ ഏറെ വിപണനം ചെയ്യാന്‍ സാധിക്കുന്നതാണ്. രാജ്യാന്തര തലത്തില്‍ ബിനാലെ നേടിയ ഖ്യാതി കേരള ടൂറിസത്തിന് ഗുണപരമായി വിനിയോഗിക്കാനാകും. അതിനാല്‍ തന്നെയാണ് കേരള ടൂറിസത്തിന്റെ മുഖമുദ്രയായി ബിനാലെ മാറുന്നതെന്നും യു.വി ജോസ് ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളില്‍ കേരളവുമായി മത്സരിക്കുന്ന മറ്റ് പ്രദേശങ്ങള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത മേന്മയാണ് ബിനാലെയിലൂടെ കൈവന്നിരിക്കുന്നത്. കേവലം ബിനാലെക്കാലമായ 108 ദിവസത്തേക്കു മാത്രമല്ല ഈ പ്രചാരണങ്ങള്‍ നടത്തുന്നത്. ബിനാലെയിലെ പ്രദര്‍ശനങ്ങള്‍ എങ്ങിനെ അടുത്ത രണ്ട് വര്‍ഷത്തേക്ക് സംരക്ഷിച്ചു നിറുത്താന്‍ സാധിക്കുമെന്ന് ആലോചിക്കുകയാണ്. അങ്ങിനെയായാല്‍ അടുത്ത ബിനാലെ തുടങ്ങുന്നതു വരെ ടൂറിസ്റ്റുകള്‍ക്ക് മൂന്നാം ലക്കത്തിലെ തെരഞ്ഞെടുത്ത പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസത്തിന്റെ പ്രധാന പ്രമേയങ്ങളായ മുസിരിസ്-സ്‌പൈസ് റൂട്ട് തുടങ്ങിയവയ്ക്കും ബിനാലെ മുന്‍നിറുത്തിയുള്ള പ്രചരണം ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനത്തെ തുടര്‍ന്ന് ടൂറിസം രംഗത്തുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കേരളത്തെ കരകയറ്റിയത് ബിനാലെയാണെന്ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി അഭിപ്രായപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY