ക്രിസ്മസ് അവധിയുടെ അവസാനദിനം; ബിനാലെയില്‍ വന്‍തിരക്ക്

216

കൊച്ചി: ക്രിസ്മസ് അവധി തീരുന്ന ദിനമായതിനാല്‍ കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനം കാണാന്‍ തിങ്കളാഴ്ച വന്‍തിരക്ക്. പരമ്പരാഗത കലാസ്വാദകര്‍ക്ക് പുറമെ വലിയൊരു സംഘമാളുകള്‍ കുടുംബസഹിതമാണ് ബിനാലെ കാണാന്‍ എല്ലാ വേദികളിലുമെത്തിയത്. ബിനാലെ പ്രദര്‍ശനങ്ങള്‍ സൗജന്യമാക്കിയ ആദ്യ തിങ്കളാഴ്ച തന്നെ ഇരുപതിനായിരത്തിലധികം പേര്‍ വിവിധ വേദികള്‍ സന്ദര്‍ശിച്ചിരുന്നു. രണ്ടാമത്തെ തിങ്കളാഴ്ച അത് 25,000 കവിഞ്ഞു. രാവിലെ ഗേറ്റ് തുറക്കുന്നതും കാത്ത് സന്ദര്‍ശകര്‍ അക്ഷമയോടെ പുറത്തു കാത്തുനിന്നു.

അലെസ് ഷ്‌റ്റെയ്ഗറിന്റെ പിരമിഡിനുള്ളില്‍ കയറാന്‍ വലിയൊരു നിര തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വിനോദസഞ്ചാര സംഘങ്ങളും ബിനാലെക്കെത്തിയിരുന്നു. പ്രദര്‍ശനങ്ങളുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലായിരുന്നു തിരക്ക് കൂടുതല്‍. ഫോര്‍ട്ട്‌കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള മറ്റ് ഗാലറികളിലും വലിയ തോതില്‍ സന്ദര്‍ശകരെത്തി. സാധാരണക്കാര്‍ ബിനാലെ പ്രദര്‍ശനങ്ങളില്‍ കാണിക്കുന്ന താത്പര്യം ആഹ്ലാദം പകരുന്നുവെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. എല്ലാവര്‍ക്കും വേദിയുടെ മാപ് നല്‍കുന്നുണ്ട്. പന്ത്രണ്ട് വേദികളും സന്ദര്‍ശിച്ച് ബിനാലെയുടെ പൂര്‍ണ ചിത്രം ആസ്വദിക്കണമെന്ന് സന്ദര്‍ശകരോട് പറയുന്നുണ്ടെന്നും ബോസ് പറഞ്ഞു. കലാസൃഷ്ടികള്‍ തൊട്ടുനോക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മുന്‍കാലത്തെങ്ങുമില്ലാത്ത വിധമുള്ള തിരക്കാണ് മൂന്നാം ലക്കത്തില്‍ കാണുന്നതെന്ന് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ഇതൊരു സാംസ്‌കാരിക അനുഭവമാണ്. കുടുംബങ്ങള്‍ക്ക് ഒഴിവുദിനം ആസ്വദിക്കാന്‍ പറ്റിയ ഇടമായി ബിനാലെ മാറി. സമകാലീന കലയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ വീട്ടിനുള്ളിലും ചര്‍ച്ചയാകാന്‍ ഇതുപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത നടന്‍ ആശിഷ് വിദ്യാര്‍ത്ഥി, എഴുത്തുകാരിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ലീന മണിമേഖല എന്നീ പ്രമുഖര്‍ ബിനാലെ സന്ദര്‍ശിക്കാനെത്തിയിരുന്നു. വൈകീട്ട് തമ്മനം ശാന്തിപുരം കോളനി നിവാസികളുടെ സുവാര്‍ത്ത ബാന്‍ഡ് ഗ്രൂപ്പിന്റെ ഫ്യൂഷന്‍ അരങ്ങേറ്റവും ആസ്പിന്‍വാള്‍ ഹൗസില്‍ നടന്നു. ആറ് വര്‍ഷം കൊണ്ട് 600 വേദികളില്‍ ചെണ്ടമേളം അവതരിപ്പിച്ച ട്രൂപ്പ് ബാന്‍ഡ്‌മേളവുമായി ചേര്‍ന്ന് ഒരുക്കിയ ഫ്യൂഷന്‍ സംഗീതത്തിന്റെ അരങ്ങേറ്റം കാണാന്‍ നിരവധി പേര്‍ തടിച്ചുകൂടി.

NO COMMENTS

LEAVE A REPLY