കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെ 2016 പ്രാദേശികവും ദേശീയവും ആഗോളവുമായ ചേരുവകളുടെ അസാധാരണമായ സംഗമമാണെന്ന് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. ബംഗലൂരുവില്‍ താമസിക്കുന്ന ഗുഹ ബിനാലെ കാണുന്നതിനായി കുടുംബത്തോടൊപ്പം രണ്ടു ദിവസം കൊച്ചിയിലുണ്ടാകും.
108 ദിവസങ്ങളിലായി 12 വേദികളില്‍ നടക്കുന്ന ബിനാലെ കാണാന്‍ മാര്‍ച്ച് അവസാനിക്കുന്നതിനു മുന്‍പ് എല്ലാവരും എത്തിച്ചേരണമെന്നും ഗുഹ പറയുന്നു. ചരിത്രകാരനെന്ന നിലയില്‍ ബിനാലെ വളരെ ജ്ഞാനവര്‍ദ്ധകവും ഉന്മേഷദായകവുമായ അനുഭവമാണെന്നാണ് ആസ്പിന്‍വാള്‍ ഹൗസിലെ വേദിമാത്രം സന്ദര്‍ശിച്ചശേഷമുള്ള വിലയിരുത്തല്‍. ബിനാലെയുടെ സ്ഥാപകരായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവര്‍ മലയാളികളാണെങ്കിലും കേരളത്തിന്റേതു മാത്രമല്ല ഇന്ത്യയുടെ മറ്റിടങ്ങളും, ഏഷ്യയും ലോകമാകെയും അതിലുള്‍പ്പെടുത്തിയിട്ടുണ്ട്. കുറച്ചു മണിക്കൂറുകളുടെ സന്ദര്‍ശനം കൊണ്ടു തന്നെ ഇതെത്ര മാത്രം വ്യത്യസ്തമായ പരിപാടിയാണെന്നും എത്ര സൂക്ഷ്മമായാണ് ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ബിനാലെ ഒരുക്കിയിരിക്കുന്നതെന്നും വ്യക്തമാകും. കലയുടെയും ഇന്‍സ്റ്റലേഷനുകളുടെയും സൗന്ദര്യാത്മകവും ഉദ്ദീപകവുമായ സ്വഭാവവും, ഇതിലെ വൈവിധ്യവും കാണുന്നത് അത്ഭുതകരമാണെന്നും ഗുഹ കൂട്ടിച്ചേര്‍ത്തു.
ചൈനീസ് കലാകാരനായ ലിയൂ വെയ്, തായ്‌വാനീസ് കലാകാരനായ വൂ ടിയെന്‍-ചാങ് എന്നിവരുടെ സൃഷ്ടികള്‍ അടുത്തടുത്തായി ഇരിക്കുന്നതും ചരിത്രകാരന് കൗതുകകരമായി. ഇങ്ങനെയൊരു കാഴ്ച്ച ചൈനയിലോ തായ്‌വാനിലോ കാണാന്‍ സാധിക്കില്ലെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.