കൊച്ചി ബിനാലെ: ഒരു മാസം; രണ്ട് ലക്ഷം സന്ദര്‍ശകര്‍

236

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം തുടങ്ങി ഒരു മാസം തികയുമ്പോള്‍ പന്ത്രണ്ട് വേദികള്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷത്തിലധികം പേര്‍. തുടങ്ങി ആറു വര്‍ഷത്തിനുള്ളില്‍ തന്നെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീനകലാപ്രദര്‍ശനമെന്ന നേട്ടം കൊച്ചി ബിനാലെ സ്വന്തമാക്കി കഴിഞ്ഞു. ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെ 108 ദിവസം നീണ്ടു നില്‍ക്കുന്ന ബിനാലെ പ്രദര്‍ശനങ്ങള്‍ അവസാനിക്കാന്‍ ഇനിയും രണ്ടര മാസത്തോളം ബാക്കിയുണ്ട്. ആദ്യ രണ്ട് ബിനാലെയേക്കാള്‍ ഏറെ ജനപങ്കാളിത്തം കഴിഞ്ഞ ഒരു മാസം കൊണ്ട് മൂന്നാം ലക്കം ആര്‍ജ്ജിച്ചെടുത്തുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012 ലെ ബിനാലെയുടെ ആദ്യ ലക്കത്തില്‍ നാലു ലക്ഷവും 2014 ലെ രണ്ടാം ലക്കത്തില്‍ അഞ്ച് ലക്ഷവും സന്ദര്‍ശകരാണ് പ്രദര്‍ശനങ്ങള്‍ കാണാനെത്തിയിരുന്നത്.

കേരളത്തിന്റെ ടൂറിസം രംഗത്തെ കവാടമായി കൊച്ചി ബിനാലെ മാറിയെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആദ്യമാസത്തില്‍ തന്നെ രണ്ട് ലക്ഷം പേര്‍ ബിനാലെ കാണാനെത്തിയത് ഇതിന്റെ ജനകീയ സ്വഭാവം വിളിച്ചോതുന്നു. കേരളത്തിന്റെ ടൂറിസം മേഖലയില്‍ ബിനാലെ നല്‍കിയ ഉണര്‍വ് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റെടുത്തും അല്ലാതെയും ബിനാലെ പ്രദര്‍ശനങ്ങള്‍ കണ്ടവരുടേതാണ് കണക്കുകള്‍. ബിനാലെയോട് അനുബന്ധമായി നടത്തിയ സെമിനാറുകള്‍, ചലച്ചിത്രപ്രദര്‍ശനങ്ങള്‍, സംഗീത-നൃത്ത പ്രകടനങ്ങള്‍ എന്നിവയ്്ക്കും മികച്ച ജനപങ്കാളിത്തമാണുള്ളത്.

പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലാണ് കൂടുതല്‍ ജനത്തിരക്ക് അനുഭവപ്പെടുന്നത്. ക്രിസ്മസ് അവധിയോടനുബന്ധിച്ച് ക്രമാതീതമായ തിരക്ക് ഇവിടെ അനുഭവപ്പെട്ടിരുന്നു. ഇതു കൂടാതെ തിങ്കളാഴ്ചകളിലെ പ്രദര്‍ശനം സൗജന്യമാക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ എടുത്ത തീരുമാനവും ജനങ്ങള്‍ ഏറ്റെടുത്തു. ആദ്യ രണ്ട് തിങ്കളാഴ്ചകളില്‍ 20,000, 25,000 കാണികളാണ് യഥാക്രമം എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബിനാലെയിലേക്ക് പഠന യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള സംഘങ്ങളും ബിനാലെയ്‌ക്കെത്തി.

വിദേശത്തു നിന്നുമെത്തിയ ആര്‍ട്ടിസ്റ്റുകള്‍, ക്യൂറേറ്റര്‍മാര്‍, ഗാലറി ഉടമകള്‍ എന്നിവരുടെ എണ്ണം നോക്കിയാല്‍ മാത്രം മതി ബിനാലെ മൂന്നാം ലക്കത്തിന്റെ പ്രാധാന്യം വ്യക്തമാകാനെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ലക്കത്തിനെ അപേക്ഷിച്ച് പ്രകടമായ മാറ്റമാണുണ്ടായിരിക്കുന്നത്. കലാലോകം ഇന്ന് ബിനാലെയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ബോസ് പറഞ്ഞു. സമൂഹത്തില്‍ നിന്ന് ബിനാലെയ്ക്ക് കിട്ടുന്ന പിന്തുണ മികച്ചതാണെന്ന് ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ചൂണ്ടിക്കാട്ടി. പ്രചോദനം നല്‍കുന്നതാണ് ബിനാലെയിലെ പ്രദര്‍ശനങ്ങളെക്കുറിച്ച് വിദേശത്തും സ്വദേശത്തുമായി വന്ന റിപ്പോര്‍ട്ടുകള്‍. ബിനാലെ തീരാറാകുമ്പോഴേക്കും കൂടുതല്‍ മെച്ചപ്പെട്ട റിപ്പോര്‍ട്ടുകള്‍ താന്‍ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

97 ആര്‍ട്ടിസ്റ്റുകളുടേതായി 100 സൃഷ്ടികളാണ് ബിനാലെയില്‍ ഒരുക്കിയിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചിയെക്കൂടാതെ, മട്ടാഞ്ചേരി, എറണാകുളം, കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് ബിനാലെ വേദികള്‍. ഫോര്‍ട്ട്‌കൊച്ചിയിലെ പ്രസിദ്ധമായ സോളാര്‍ കഫേയില്‍ കഴിഞ്ഞ ഒരുമാസമായി വില്‍പനയില്‍ 40 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി ഉടമ ഉമര്‍ ഫറൂക്ക് പറഞ്ഞു. ബിനാലെയ്ക്കായി എത്തുന്ന വിദേശ സഞ്ചാരികളുടെ തിരക്കാണ് എല്ലാ ദിവസവും ഉച്ച സമയത്തെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഓട്ടോയില്‍ കയറുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ഓട്ടോ ഡ്രൈവര്‍ അര്‍ഷാദ് പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്‌റ്റേകള്‍ മിക്കതും മുന്‍കൂര്‍ ബുക്കിംഗായിക്കഴിഞ്ഞു. ഇക്കുറി ഉത്തരേന്ത്യയില്‍ നിന്നാണ് സഞ്ചാരികള്‍ കൂടുതലെത്തിയതെന്ന് ഉടമകള്‍ പറഞ്ഞു. ബുക്കു ചെയ്യാതെ വരുന്ന സഞ്ചാരരികളുടെ എണ്ണം കൂടാന്‍ കാരണം ബിനാലെ ആണെന്ന് മാരിടൈം ഹോംസ്‌റ്റേ ജീവനക്കാരന്‍ ജിജിന്‍ പറഞ്ഞു.

ബിനാലെ ആര്‍ട്ടിസ്റ്റുകള്‍ക്കും പങ്കെടുത്തവര്‍ക്കും സുഗന്ധവ്യഞ്ജനങ്ങളുടെ വില്‍പനയില്‍ പതിനഞ്ച് ശതമാനം കിഴിവ് നല്‍കിയിരിക്കുകായാണ് അമീര്‍ സൊഹൈല്‍ എന്ന കച്ചവടക്കാരന്‍. 2012 ലെ ആദ്യ ബിനാലെയുടെ സമയത്ത് ഒരു മോറോക്കോ സ്വദേശി കലാകാരനാണ് തനിക്ക് ഈ മാര്‍ഗം ഉപദേശിച്ചു തന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY