കലാകാരന്മാരെ ബിനാലെ പ്രാദേശികതയിലേക്ക് മടക്കി കൊണ്ടുവന്നു- റിയാസ് കോമു

262

കൊച്ചി: പ്രാദേശികതയിലേക്ക് കലാകാരന്മാരുടെ ശക്തമായ തിരിച്ചുവരവിന് ബിനാലെ കാരണമായെന്ന് കൊച്ചി -മുസിരിസ് ബിനാലെ സഹസ്ഥാപകന്‍ റിയാസ് കോമു അഭിപ്രായപ്പെട്ടു. ബിനാലെ വേദിയായ കബ്രാള്‍ യാര്‍ഡില്‍ തുടങ്ങിയ കല, ശരീരം, ചിന്ത, ആവിഷ്‌കരണങ്ങള്‍, എന്ന ചതുര്‍ദിന സമ്മേളനത്തിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല എന്താണ് എന്നതിന് നിര്‍വചനങ്ങള്‍ ഉണ്ടാക്കുന്നത് നിയമനിര്‍മ്മാണ വാഞ്ഛ കൊണ്ടാണെന്നും കലയെ സംബന്ധിച്ച് ചോദിക്കേണ്ട ചോദ്യം അതല്ലെന്നും ഡോ നിസാര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ചര്‍ച്ചാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരന്നു അദ്ദേഹം. കലയെന്താണെന്നത് തെറ്റായ ചോദ്യമാണ്. കലയെ മനസിലാക്കാന്‍ അല്ല, നിര്‍വചിക്കാനാണ് അത് ശ്രമിക്കുന്നത്. ഒരു സൃഷ്ടി, കലാസൃഷ്ടിയാണോ എന്നത് നിശ്ചയിക്കുന്ന ചില മൂല്യ നിര്‍ണയങ്ങള്‍ ആണ് ഇത്തരം നിര്‍വചനങ്ങള്‍ നടത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു. കൊച്ചിയുടെ ബഹുമുഖമായ സാംസ്‌കാരിക ചരിത്രത്തെ ബിനാലെ ചികഞ്ഞെടുത്തത് റിയാസ് കോമു ചൂണ്ടിക്കാട്ടി. പരിസ്ഥിതി, പ്രാദേശികത, പ്രയോഗങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭാഷയിലും പരിശീലനത്തിലും പ്രയോഗത്തിലുമുള്ള പ്രദേശികതയുടെ സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

മലയാളി ബോധമനസ് ഏര്‍പ്പെടുത്തിയ പാരമ്പര്യ കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ നിരവധി ആര്‍ട്ടിസ്റ്റുകള്‍ സംസ്ഥാനം വിട്ട് മറ്റു സ്ഥലങ്ങളില്‍ ചേക്കേറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജാരവിവര്‍മ്മയ്ക്ക് ഇവിടെ മോഡലുകളെ കിട്ടാത്തതു കൊണ്ടാണ് അദ്ദേഹത്തിന് കേരളം വിടേണ്ടി വന്നത്. ആ പട്ടിക കെ സി എസ് പണിക്കരില്‍ എത്തി നിന്നപ്പോഴേക്കും അസംഖ്യം കലാകാരന്മാര്‍ കേരളം വിട്ടിരുന്നു. ഇത്തരം ആളുകള്‍ക്ക് മടങ്ങി വരാനുള്ള അവസരമാണ് ബിനാലെയിലൂടെ കൈവന്നത്. കൊച്ചിയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തില്‍ അവര്‍ക്ക് എളുപ്പം ഇഴുകിച്ചേരാനായി. സമകാലീന കലാലോകത്ത് പാരമ്പര്യ കലാരൂപങ്ങള്‍ അക്യുപഞ്ചര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിയാസ് അഭിപ്രായപ്പെട്ടു.

വ്യാഖ്യാനങ്ങളും തുടര്‍വ്യാഖ്യാനങ്ങളും കൊണ്ട് കല നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്നുണ്ടായിരിക്കുന്നതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാര്‍ പറഞ്ഞു. നിരീക്ഷകന് അതിന്റെ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കലയെ അംഗീകരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൈസേഷനാണ് എല്ലാവരും പ്രാധാന്യം നല്‍കുന്നത്. ഭാഷ പോലും മാറ്റി വച്ച് മള്‍ട്ടിമീഡിയയിലൂടെയാണ് പുതുതലമുറ ആശയവിനിമയം നടത്തുന്നത്. വീഡിയോ ആര്‍ട്ട് എന്നത് നമ്മുടെ ചിന്തയെ ബാധിക്കുമെന്നും ശശി കുമാര്‍ ചൂണ്ടിക്കാട്ടി. ഭാഷയിലെ പ്രാദേശികത എന്ന വിഷയാവതരണം നടത്തിയത് കവിയും ഗവേഷകനുമായ ലതീഷ് മോഹനാണ്. ഭാഷയും ഭൂമിശാസ്ത്രവും തമ്മിലുള്ള ബന്ധമാണ് അദ്ദേഹം ചര്‍ച്ച ചെയ്തത്. ഭാഷയുടെ ഔന്നിത്യം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി മാത്രം അതിന്റെ ഉത്പത്തി അന്വേഷിക്കുന്ന പരിപാടി അവസാനിപ്പിക്കണം. ഇരുട്ടില്‍ കുഴിച്ചാല്‍ കൂടുതല്‍ ഇരുട്ട് മാത്രമേ ലഭിക്കൂ. ഭാഷയുടെ കുത്തക അവസാനിപ്പിക്കണം. ഉച്ചാരണത്തിലെ വൈവിദ്ധ്യം സാമൂഹികമായ ഇടങ്ങളെ സൂചിപ്പിക്കുന്നു. അരിക്‌വത്കരിക്കപ്പെട്ട സമൂഹങ്ങളെക്കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തിന് ഭാഷയില്‍ പരിണാമം വേണമെന്നും ലതീഷ് അഭിപ്രായപ്പെട്ടു.

പ്രാദേശികതയെ സിനിമയില്‍ കൈകാര്യം ചെയ്ത വിധത്തെക്കുറിച്ചായിരുന്നു സി എസ് വെങ്കിടേശ്വരന്‍ ചര്‍ച്ച ചെയ്തത്. മുഖ്യധാരയുടെ ആഗോളവത്കരണത്തിനുള്ള മറുപടിയായിരുന്നു പ്രാദേശിക സിനിമ. ആഗോള കമ്പോളത്തിനുവേണ്ടി പ്രാദേശിക വിഷയങ്ങള്‍ കരുപ്പെടുത്തിയെടുക്കുന്നത് പ്രാദേശിക സിനിമ വ്യവസായത്തിന്റെ ശീലമായി മാറി. ആഗോള രീതികളില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട കേരളത്തെപ്പോലുള്ള ഉപഭോക്തൃ സമൂഹത്തിന് പ്രാദേശികതയെ തള്ളിക്കളായാനാകില്ല. പ്രാദേശികതയുടെ നിലനില്‍പ് തന്നെയാണ് ഈ ശീലത്തെ തള്ളിക്കളയാന്‍ ആവശ്യമെന്നും വെങ്കിടേശ്വരന്‍ പറഞ്ഞു. അനിത തമ്പി, കല്‍പ്പറ്റ നാരായണന്‍, ടിവി മധു, രഞ്ജിനി കൃഷ്ണന്‍, ദിലീപ് രാജ് എന്നിവര്‍ സംസാരിച്ചു. നാലു ദിവസം നീണ്ട നില്‍ക്കുന്ന ചര്‍ച്ചകളില്‍ ഭാഷ, കവിത, തത്വശാസ്ത്രം, തുടങ്ങി വിവിധ മേഖലകള്‍ പ്രതിപാദിക്കും. ബിനാലെ വേദിയായ കബ്രാള്‍ യാര്‍ഡിലാണ് പരിപാടി.

NO COMMENTS

LEAVE A REPLY