കൊച്ചി: ജനകീയ സ്വഭാവും പ്രദേശവാസികളുടെ അളവറ്റ പിന്തുണയുമാണ് കൊച്ചി-മുസിരിസ് ബിനാലെ 2016-ന്റെ ഏറ്റവും വലിയ സവിശേഷതയെന്ന പ്രശംസയുമായി രാജ്യാന്തര കുറേറ്റര്‍മാരും ആര്‍ട്ട് ഡയറക്ടര്‍മാരും.
കലയുടെ ഉദ്ദേശ്യം ജനങ്ങളില്‍ അറിവു വളര്‍ത്തുകയെന്നതാണെങ്കില്‍ ഈ ബിനാലെയില്‍ അത് യാഥാര്‍ഥ്യമായിരിക്കുകയാണെന്ന് ചിക്കാഗോ ആര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്ത്യന്‍, തെക്കുകിഴക്കനേഷ്യന്‍, ഹിമാലയന്‍, ഇസ്‌ലാമിക് കലകളുടെ അസോസിയേറ്റ് ക്യുറേറ്റര്‍ ഡോ. മധുവന്തി ഘോഷ് പറഞ്ഞു. ഏതു സാധാരണക്കാരനും ഇവിടെ കലാസ്വാദനം സാധ്യമാക്കിയിരിക്കുന്നു. കലാകാരനും ആസ്വാദകനും തമ്മിലുള്ള ആശയവിനിമയം ശക്തവും ഇഴയടുപ്പമുള്ളതുമാണ്. ബിനാലെ മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസ് സന്ദര്‍ശകരെക്കൊണ്ടു തിങ്ങിനിറയുന്നതു കണ്ട് അദ്ഭുതപ്പെട്ടുവെന്നും ഡോ. ഘോഷ് പറഞ്ഞു.
പ്രാദേശിക കലാസ്വാദകരും ബിനാലെയിലെ കലാസൃഷ്ടികളും തമ്മില്‍ സുദൃഢമായ ബന്ധമുണ്ടെന്നും തനിക്ക് അതനുഭവിക്കാന്‍ കഴിഞ്ഞതായും അമേരിക്കയിലെ മിനിയപോളിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സിലെ ഫൊട്ടോഗ്രഫി-ന്യൂ മീഡിയ വിഭാഗം തലവനായ, ക്യുറേറ്റര്‍ യാസുഫുമി നകമോറി പറഞ്ഞു. ബിനാലെയിലെ സൃഷ്ടികള്‍ ഏറെ ശക്തമായതിനാലാണ് അങ്ങനെ തോന്നിയത്. ഭൂരിഭാഗം കലാസൃഷ്ടികളും ഉന്മേഷം പകരുന്നവയും ചിന്തയുണര്‍ത്തുന്നവയും വിമര്‍ശനാത്മകവുമാണ്. മറ്റു ബിനാലെകളില്‍നിന്ന് ഒന്നും ഇവിടെ പകര്‍ത്തിയിട്ടില്ല. ഗൗരി ഗില്ലിന്റെ ഫോട്ടോഗ്രാഫുകളും സുലേഖ ചൗധരിയുടെ ഭവാല്‍ കോര്‍ട്ട് പ്രതിഷ്ഠാപനവും യുകോ മോഹ്‌റിയുടെ സൃഷ്ടിയുമാണ് ഏറെ ഇഷ്ടമായതെന്നും നകമോറി പറഞ്ഞു.
പ്രാദേശിക സമൂഹം ശബ്ദമായും സാന്നിധ്യമായും പിന്തുണയ്ക്കുന്നതിനാല്‍ ബിനാലെ ശക്തവും അതിശക്തവുമാവുകയാണെന്ന് പ്രമുഖ രാജ്യാന്തര കലാമേളയായ ആര്‍ട്ട് ബേസിലന്റെ ഏഷ്യ ഡയറക്ടര്‍ അഡ്‌ലിന്‍ ഓയ് പറഞ്ഞു.
പ്രദേശവാസികളുടെ ഒത്തൊരുമയും തങ്ങളുടേതാണ് ബിനാലെയെന്ന ബോധവും എല്ലാവരെയും വിനീതരാക്കുന്നു. ബിനാലെയുടെ ഈ ജനകീയ ഭാവത്തിന് സൗന്ദര്യമേറെയാണ്. നഗരം മുഴുവന്‍ ബിനാലെയ്‌ക്കൊപ്പമുണ്ട്. അത് ആരും ആവശ്യപ്പെട്ടിട്ടുമല്ല. ബിനാലെ, കലാസമൂഹത്തിനു മാത്രമല്ല, ഇതില്‍ പങ്കാളികളാകുന്ന എല്ലാവര്‍ക്കും കാവ്യാത്മകവും മൃദുലവുമായ അനുഭൂതികള്‍ സമ്മാനിക്കുന്നുവെന്നും ഓയ് പറഞ്ഞു.
ഏറെ പ്രശംസിക്കപ്പെട്ട ഈ ബിനാലെ സുസ്ഥാപിതമായിക്കഴിഞ്ഞതായും അതിനാലാണ് ന്യൂയോര്‍ക്ക്, ചിക്കാഗോ, ലണ്ടന്‍, ടോക്കിയോ എന്നീ സുപ്രധാന നഗരങ്ങളില്‍നിന്നു പോലും സന്ദര്‍ശകരെത്തുന്നതെന്നും ബിനാലെ സ്ഥാപകരിലൊരാളായ ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. ഇത് അഭിമാനിക്കേണ്ട സമയമാണിത്. ക്യുറേറ്റര്‍മാരും ഗാലറി ഉടമകളും മാത്രമല്ല ഇവിടെ സന്ദര്‍ശകര്‍. വ്യവസ്ഥാപിത കലാസമൂഹത്തിനു പുറത്തുള്ള ഒട്ടേറെപ്പേര്‍ ഇതിന്റെ ഭാഗമാകുന്നു. മൂന്നാം പതിപ്പിലെത്തുമ്പോള്‍ നാട്ടുകാരുടെ മുഴുവന്‍ പിന്തുണയും നേടിക്കഴിഞ്ഞതായും കൃഷ്ണമാചാരി പറഞ്ഞു.