കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ കാണാന്‍ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയ നടി നിത്യ മേനോന്‍ ചെയ്തത്, കുട്ടികള്‍ക്കായി വരയ്ക്കാന്‍ വച്ചിരുന്ന ക്രയോണും പേപ്പറുമെടുത്ത് ചിത്രം വരയ്ക്കുകയായിരുന്നു. നന്നായി ചിത്രം വരയ്ക്കാന്‍ അറിയില്ലെങ്കിലും ക്രയോണും പേപ്പറും കിട്ടുമ്പോള്‍ ആരും സ്വയമറിയാതെ കലാകാരനായി മാറുമെന്ന് നിത്യ മേനോന്‍ പറഞ്ഞു. ആദ്യമായി ബിനാലെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ആവേശവും ഈ തെന്നിന്ത്യന്‍ താരം മറച്ചു വച്ചില്ല.
മനുഷ്യന്റെ സഹജമായ സര്‍ഗ്ഗവാസന എന്നത് ഒരു തരം വീര്‍പ്പുമുട്ടലാണെന്ന് നിത്യ മേനോന്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സൃഷ്ടി നടത്തിയേ മതിയാകൂ എന്ന മാനസിക അവസ്ഥയിലേക്ക് എത്തുന്ന സാഹചര്യം. ഒരു മികച്ച പാചകക്കാരന് പോലും ഈ സര്‍ഗാത്മകതയുടെ വീര്‍പ്പുമുട്ടല്‍ അനുഭവം ഉണ്ടാകും. അതു കൊണ്ട് തന്നെയാണ് കലാവിഭാഗത്തില്‍ പാചകത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊച്ചി ബിനാലെ മുഴുവന്‍ ഇത്തരം സര്‍ഗാത്മകമായ വീര്‍പ്പുമുട്ടലിന്റെ ആവിഷ്‌കരണങ്ങളാണെന്ന് അവര്‍ പറഞ്ഞു. ഇവിടെ വന്നതിനു ശേഷം എത്ര സമയം ചെലവഴിച്ചുവെന്ന് ശ്രദ്ധിച്ചിട്ടില്ല. അത്ര മനോഹരവും മനസിനെ ആഴത്തില്‍ സ്വാധീനിക്കുന്നതുമാണ് കലാസൃഷ്ടികള്‍. ചലച്ചിത്ര കലാകാരിയായ തനിക്ക് ബിനാലെ പ്രദര്‍ശനങ്ങള്‍ മറ്റൊരു തലത്തില്‍ ആസ്വദിക്കാനായി എന്നും നിത്യ പറഞ്ഞു. ക്രയോണും കടലാസുമായി ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പ്രവര്‍ത്തകര്‍ നടത്തുന്ന പരിപാടി ഏറെ ആകര്‍ഷിച്ചെന്ന് നിത്യ പറഞ്ഞു. എത്ര പ്രായമായാലും എല്ലാവരിലും കുട്ടിത്തം നിലനില്‍ക്കും. അതിനെ തിരിച്ചു കൊണ്ടു വരാനും അതുവഴി മനസിന്റെ കനം കുറയ്ക്കാനും ഇത്തരം പരിപാടികള്‍ ഉപകരിക്കും.
ബിനാലെ പ്രതിഷ്ഠാപനങ്ങളില്‍ അലെസ് സ്റ്റെയ്ഗറിന്റെ പിരമിഡ് ഏറെ ആകര്‍ഷിച്ചു. ജപ്പാനിലെ അമ്പലം സന്ദര്‍ശിച്ചതാണ് പെട്ടന്ന് ഓര്‍മ്മ വന്നത്. പൂര്‍ണമായും ഇരുട്ടിലൂടെ കുറച്ചു സമയം ഇടനാഴിയിലൂടെ നടക്കുന്നു. സ്വയം ആരെന്ന തിരിച്ചറിവ് ലഭിക്കാന്‍ സഹായിക്കുന്നതാണ് കുറച്ചു സമയത്തേക്കുള്ള ഈ ഏകാന്തതയെന്നും നിത്യ അഭിപ്രായപ്പെട്ടു. രണ്ട് മണിക്കൂറോളം ബിനാലെയില്‍ ചെലവഴിച്ചാണ് അവര്‍ മടങ്ങിയത്.