കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ സൗന്ദര്യബോധം ആസ്വദിക്കാന്‍ സാധാരണക്കാരന് പോലും കഴിയുന്നുവെന്നതാണ് അതിന്റെ വിജയമെന്ന് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ബിനാലെയുടെ സൗന്ദര്യബോധം സിനിമയിലും അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായ മകള്‍ കല്യാണിയോടൊപ്പം ബിനാലെ കാണാനെത്തിയതായിരുന്നു പ്രിയദര്‍ശന്‍.
കലാമൂല്യമുള്ള സമാന്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ബിനാലെ നല്‍കിയ അവസരം സംവിധായകരെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് ബിനാലെ സന്ദര്‍ശിച്ച ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനും ദേശീയ പരിസ്ഥിതി ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സംവിധായകന്‍ ജോഷി മാത്യു ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര പ്രശസ്തി നേടിയ കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണെന്ന മേല്‍വിലാസം വളരെ വലുതാണ്. സമാന്തര സിനിമ ഇക്കാര്യത്തില്‍ ബിനാലെയോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അലെസ് ഷ്‌റ്റെയ്ഗറുടെ പിരമിഡാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. റൗള്‍ സുരീറ്റയുടെ സീ ഓഫ് പെയിനും തന്നെ ഏറെ സ്വാധീനിച്ചെന്നതെന്നും ജോഷി മാത്യു പറഞ്ഞു.
ബിനാലെ പ്രദര്‍ശനങ്ങളുടെ എല്ലാ സൃഷ്ടികളുടെയും അന്തസ്സത്ത പൂര്‍ണമായും മനസിലാക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. പക്ഷെ ഇതില്‍ പ്രകടമായിരിക്കുന്ന സൗന്ദര്യബോധം അപാരമാണ്. അത് സൃഷ്ടികളില്‍ മാത്രമല്ല, എല്ലാ ബിനാലെ വേദികളിലും അവിടുത്ത അന്തരീക്ഷത്തിലും പ്രകടമാണ്. അതുകൊണ്ടു തന്നെയാണ് കുടുംബസമ്മേതം ആളുകള്‍ ബിനാലെയ്ക്കത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംവിധായകനെന്ന നിലയില്‍ സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റിയ പലതും ബിനാലെയില്‍ കാണാനായി എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സമൂഹത്തിന്റെ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് സംവിധായകന്‍. ആ തരത്തില്‍ ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാന്‍ വീണ്ടുമെത്തുമെന്നും എല്ലാ പ്രദര്‍ശനങ്ങളും തനിക്ക് ആസ്വദിക്കാന്‍ പറ്റിയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
ആദ്യമായാണ് ബിനാലെ സന്ദര്‍ശിക്കുന്നത്. ആര്‍ട്ട് ഗാലറികളിലെ പരിമിതമായ പ്രദര്‍ശനങ്ങളില്‍നിന്ന് ആസ്വാദകന് ഭൗതിക തലത്തിലും ആസ്വാദ്യതലത്തിലും വലിയ സ്വാതന്ത്ര്യം ബിനാലെ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ ഫൗണ്ടേഷന്‍ ഇക്കാര്യത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.