കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച കലാപ്രദര്‍ശനങ്ങളിലൊന്നാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന് കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ചെറുത്തു നില്‍പ്പ്, നഷ്ടബോധം, ഓര്‍മ്മ, സ്വപ്‌നം എന്നിവയുടെ സൗന്ദര്യബോധമാണ് മൂന്നാം ലക്കമെന്നും ബിനാലെ സന്ദര്‍ശനവേളയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കലയുടെ പുതിയൊരു യുക്തിബോധം ബിനാലെയില്‍ കാണാമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. സങ്കല്‍പാധിഷ്ഠിതമായാണ് കല വളര്‍ന്നു വരുന്നത്. വെറും ക്യാന്‍വാസില്‍ നിന്നും വലിയ മാറ്റത്തിലേക്കാണ് കലാസൃഷ്ടികള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മാധ്യമങ്ങളുപയോഗിച്ച് വൈവിദ്ധ്യമാര്‍ന്ന കലാവിരുന്നാണ് ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ഒരുക്കിയതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. സമകാലീന യാഥാര്‍ത്ഥ്യത്തില്‍ നിന്നുളള മോചനത്തില്‍ നിന്ന് നഷ്ടസ്വപ്‌നങ്ങളെ പുനര്‍നിര്‍മ്മിക്കുന്നതാണ് ബിനാലെ സൃഷ്ടികളെന്നും സച്ചിദാനന്ദന്‍ നിരീക്ഷിച്ചു. മനുഷ്യനും പ്രകൃതിക്കും ലോകത്തിനും സംഭവിച്ച മാറ്റങ്ങള്‍ ബിനാലെയില്‍ കാണാം. ഈ ലോകം എങ്ങിനെ മെച്ചപ്പെടുത്താമെന്നതിന്റെ വ്യത്യസ്തമായ വീക്ഷണങ്ങളും ബിനാലെയിലുണ്ട്. ഇതെല്ലാം ഒരു കലാകാരനു മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭജനത്തിന്റെ ഓര്‍മ്മകള്‍ മുതല്‍ യുദ്ധത്തിന്റെ കെടുതികള്‍ വരെ ബിനാലെയില്‍ വരച്ചു കാണിച്ചിരിക്കുന്നു. റൗള്‍ സുരീതയുടെ സീ ഓഫ് പെയിന്‍ മ\സിനെ സ്പര്‍ശിക്കുന്നതാണ്. ദു:ഖവും വേര്‍പാടുമെല്ലാം കൂടിച്ചേരലിന്റെ വിവരണങ്ങള്‍ കൊണ്ട് സന്തുലിതമാക്കിയിട്ടുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍\ിന്നുള്ള കലാകാരന്മാര്‍ വിവിധ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് സ്വപ്‌നങ്ങളെയും സമകാലീന യാഥാര്‍ത്ഥ്യങ്ങളെയും പ്രദര്‍ശിപ്പിക്കുന്നത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. വളരെയധികം മെച്ചപ്പെട്ട ഒരു ലോകം പടുത്തുയര്‍ത്താനാകുമെന്ന ഓര്‍മ്മപ്പെടുത്തല്‍. ഈ ബിനാലെയിലൂടെ ഏറെക്കാലം മനസില്‍ തങ്ങി നില്‍ക്കുന്നതും ഇതാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണുകള്‍ക്കും ദൃശ്യകലയ്ക്കും അപ്പുറമുള്ള സൗന്ദര്യബോധം വളര്‍ന്നു വരുന്നുണ്ട്. ശബ്ദം കേള്‍ക്കാം, ഗന്ധമറിയാം എന്നിങ്ങനെ ചിന്തയെയും ജ്ഞാനത്തെയും സ്വാധീനിക്കുന്ന പ്രദര്‍ശനങ്ങള്‍ വരെ ബിനാലെയിലുണ്ട്. പുതിയ ആശയം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയെക്കുറിച്ചൊക്കെ പ്രതിപാദിക്കുന്ന ബിനാലെ, ഒരു കലാ പ്രദര്‍ശനത്തെ എങ്ങിനെ വിവിധ കോണുകളില്‍ നിന്ന് ആസ്വദിക്കാമെന്ന് കാണിച്ചു തരുന്നുവെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.