കൊച്ചി: സാഹിത്യത്തിനൂകൂടി പ്രാധാന്യം നല്‍കിയ ബിനാലെ കാണാനെത്തിയ കേരളത്തിലെ പ്രമുഖരായ എഴുത്തുകാരില്‍ കൗതുകമുളവാക്കിയത് അവരുടെ മേഖലയെ ബിനാലെ എങ്ങിനെ സമീപിച്ചുവെന്നതാണ്. കേരളത്തിന്റെ പ്രിയ എഴുത്തുകാരായ ബെന്യാമിന്‍, കെ ആര്‍ മീര, സോമശേഖരന്‍ എന്നിവരാണ് ബിനാലെക്കെത്തിയത്. സാഹിത്യകൃതികളിലെ പദങ്ങളെ കലയുടെ പ്രത്യേക രൂപത്തിലേക്ക് ബിനാലെ മാറ്റിയിരിക്കുന്നുവെന്ന് ബെന്യാമിന്‍ നിരീക്ഷിച്ചു. സെര്‍ജിയോ ഷെഫെക്കിന്റെ ബാറോനി നോവല്‍ പ്രദര്‍ശന വേദിയുടെ ഭിത്തിയില്‍ എഴുതിയിതിലൂടെ നോവല്‍ വായനയുടെ പരമ്പരാഗത രീതികളെ ബിനാലെ മാറ്റിമറിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഫോര്‍ട്ട്‌കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി ഭിത്തിയില്‍ എഴുതിയിരിക്കുന്ന നോവല്‍ വായിക്കുന്നതിനു വേണ്ടി വായനാക്കാരന്‍ തന്റെ ഭാവന ഏറെ വിപുലമാക്കണം. റൗള്‍ സുരീതയുടെ സി ഓഫ് പെയിന്‍ അനന്യമായ അനുഭൂതിയാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണു കൊണ്ടുമാത്രം ഈ പ്രദര്‍ശനങ്ങള്‍ കണ്ടാല്‍ പോര, മറിച്ച് പഞ്ചേന്ദ്രിയങ്ങളിലൂടെ അതിനെ അനുഭവിക്കണം. വര്‍ത്തമാനകാല ലോകത്തിലെ രാഷ്ട്രീയവും, പാരിസ്ഥിതികവും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതുമായ വിഷയങ്ങളെ നിശബ്ദവും എന്നാല്‍ ശക്തമായും ബിനാലെയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ആടുജീവിതം എന്ന പ്രശസ്ത നോവലിന്റെ സൃഷ്ടാവു കൂടിയായ ബെന്യാമിന്‍ പറഞ്ഞു.
സാഹിത്യം, നിറം, സാങ്കേതികവിദ്യ, വര എന്നിവയുടെ സംയോജനമാണ് ബിനാലെ പ്രദര്‍ശനങ്ങളെന്ന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരജേതാവ് കെ ആര്‍ മീര പറഞ്ഞു. സംഭാഷണങ്ങള്‍ക്കുള്ള വേദിയാണ് ബിനാലെ, സാഹിത്യോത്സവങ്ങള്‍, ചലച്ചിത്രമേളകള്‍ എന്നിവ കൊണ്ടുണ്ടാകുന്നതെന്ന് എഴുത്തുകാരന്‍ സോമശേഖരന്‍ പറഞ്ഞു. മതേതരമായ അന്തരീക്ഷത്തില്‍ ചെറുപ്പക്കാരായ കാണികളുടെ പങ്കാളിത്തം കാണാമെന്നും അദ്ദേഹം പറഞ്ഞു.