കൊച്ചി: പുരാതന മുസിരിസ് തുറമുഖം വെള്ളപ്പൊക്കത്തില്‍ നശിച്ചതുപോലെയാണ് കൊച്ചി മുസിരിസ് ബിനാലെയില്‍ പ്രതിഷ്ഠാപനം സ്ഥാപിക്കാനിറങ്ങിത്തിരിച്ച സ്വിസ് കലാകാരന്റെ അനുഭവം. കലാസൃഷ്ടി നടത്തുമ്പോള്‍ ഇത്രയും വെല്ലുവിളി നേരിടേണ്ടി വന്ന അനുഭവം മുമ്പുണ്ടായിട്ടില്ലെന്ന് ബോബ് ഗ്രാംസ്മയെന്ന ഈ കലാകാരന്‍ പറയുന്നു. പക്ഷേ പിന്തിരിയാതെ ഗ്രാസ്മ സൃഷ്ടിച്ച റിഫ് ഓഫ് 2016 (riff off.OI#16238) ഇന്ന് ബിനാലെയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നു.
ഭൂകമ്പം നടന്ന സ്ഥലങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രതിഷ്ഠാപനമാണ് ഗ്രാംസ്മാ നടത്താനുദ്ദേശിച്ചിരുന്നത്. അതിനായി വിണ്ടു കീറിയ ഭൂമിയും അതിലേക്ക് വീണു കിടക്കുന്ന കോണ്‍ക്രീറ്റിന്റെ ഭാഗവുമാണ് ഉദ്ദേശിച്ചത്. 110 ടണ്‍ ഭാരം വരുന്ന കോണ്‍ക്രീറ്റ് സ്ലാബ് ഉണ്ടാക്കുന്ന അവസരത്തില്‍ തന്നെ പ്രകൃതി രോഷം കൊണ്ടു. ആ ദിവസങ്ങളില്‍ കനത്ത മഴയായിരുന്നു പെയ്തത്. മുസിരിസിന്റെ തകര്‍ച്ചയ്ക്ക് കാരണമായ പേമാരി തന്റെ കലാസൃഷ്ടിയെയും നശിപ്പിക്കുമോയെന്ന താന്‍ ഭയന്നിരുന്നതായി ഗ്രാംസ്മാ പറഞ്ഞു. എന്നാല്‍ തൊഴിലാളികളുടെ ഉത്സാഹത്തില്‍ അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ടാര്‍പാളിന്‍ കെട്ടിയായിരുന്നു പിന്നീടുള്ള പണികള്‍. അത് ചെയ്തുതീര്‍ത്തെങ്കിലും ബാക്കി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നു.
കുഴിയിലേക്ക് വീണുകിടക്കുന്ന കോണ്‍ക്രീറ്റ് സ്ലാബ് ഏതാണ്ട് 170 ഡിഗ്രി ഉയര്‍ന്നു നില്‍ക്കണമെന്നാണ് ഉദ്ദേശിച്ചത്. കൂറ്റന്‍ ക്രെയിന്‍ കൊണ്ടുവന്ന് അതുയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ പിന്‍ഭാഗത്തിന്റെ ഭാരം കാരണം സ്ലാബ് കൂടുതല്‍ ഉയര്‍ന്നു പോയി. ഉദ്ദേശിച്ചതു പോലെ പ്രതിഷ്ഠാപനം നിറുത്താന്‍ സാധിക്കാത്തതില്‍ ഇപ്പോള്‍ ഗ്രാംസ്മയ്ക്ക പക്ഷേ വിഷമമില്ല. കാരണം ഗ്രാംസ്മയും സൃഷ്ടിയും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നതുതന്നെ. ഉത്ഖനനമാണ് ഏതൊരു ചരിത്രാന്വേഷകന്റെയും നിര്‍ണായക മുഹൂര്‍ത്തമെന്ന് ഗ്രാംസ്മ പറയുന്നു. എന്തിനു വേണ്ടി ഉത്ഖനനം നടത്തണം, കാരണം പ്രകൃതി ദുരന്തങ്ങളിലൂടെയാണ് ചരിത്രം മറഞ്ഞുപോയത്. അതിനെ തിരികെ കൊണ്ടുവരാന്‍ മണ്ണില്‍ കുഴിക്കല്‍ തന്നെയാണ് വഴി. ഇത് പ്രമേയമാക്കിയാണ് കുഴിയില്‍ വീണുകിടക്കുന്ന ഭൂകമ്പത്തിന്റെ അവശിഷ്ടമെന്ന സാധ്യത താന്‍ മനസില്‍ കണ്ടതെന്നും ഗ്രാംസ്മ പറഞ്ഞു.