കൊച്ചി: ജീവതത്തിന്റെ അര്‍ത്ഥവും അര്‍ത്ഥതലങ്ങളുമാണ് ബിനാലെ അന്വേഷിക്കുന്നതെന്ന് സീഷെല്‍സ് ഉപരാഷ്ട്രപതി വിന്‍സന്റ് മെരീറ്റണ്‍. ജീവിക്കാനുള്ള പ്രചോദനമാണ് ബിനാലെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം കാണാന്‍ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയതായിരുന്നു അദ്ദേഹം. സ്വയം ആരെന്ന് മനസിലാക്കാനുള്ള അന്വേഷണമാണ് ഓരോ മനുഷ്യരും നടത്തുന്നത്. അത് കണ്ടെത്തുന്നതിനിടയില്‍ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നു പോകാം. എന്നാല്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്നറിയാനുള്ള നിരവധി കാഴ്ചകള്‍ ബിനാലെയിലുണ്ടെന്ന് വിന്‍സന്റ് മെരീറ്റണ്‍ പറഞ്ഞു.
വികസനമാണ് മനുഷ്യപുരോഗതിയുടെ മാനദണ്ഡമായി കണക്കാക്കുന്നത്. എന്നാല്‍ ഒട്ടേറെ വികസനം നടന്നപ്പോള്‍ നമുക്ക് പലതും നഷ്ടമായി. അവയില്‍ പലതും തിരിച്ചു കിട്ടാനാകാത്ത വിധം നഷ്ടമായിക്കഴിഞ്ഞു. ബിനാലെ പ്രദര്‍ശനങ്ങള്‍ ഈ ദിശയില്‍ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പ്രതീക്ഷ, പ്രതീക്ഷയില്ലായ്മ, മരണം, ആത്മാവിന്റെ തേങ്ങല്‍ തുടങ്ങിയ നിരവധി പ്രമേയങ്ങള്‍ തന്മയത്വത്തോടെ ബിനാലെയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളിലെ പൗരന്മര്‍ക്ക് പരസ്പരം മനസിലാക്കാന്‍ കലയോളം നല്ല മാധ്യമമില്ലെന്ന് ഇന്ത്യയിലെ ആസ്‌ത്രേലിയന്‍ സ്ഥാനപതി ഹരീന്ദര്‍ സിദ്ദു പറഞ്ഞു. ആസ്‌ട്രേലിയയില്‍ നിന്ന് മൂന്ന് കലാകാരന്മാര്‍ ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വളരാന്‍ കലാരംഗത്ത് കൈമാറ്റങ്ങള്‍ ഉണ്ടാകാണം. ലോകോത്തര നിലവാരത്തില്‍ നടക്കുന്ന കൊച്ചി ബിനാലെ ഇതിന്റെ യഥാര്‍ത്ഥ ഉദാഹഹരണമാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയെ അറിയാന്‍ കൊച്ചി ബിനാലെ കണ്ടാല്‍ മതിയെന്ന് ഒമാന്‍ രാജകുടുംബാംഗമായ സുല്‍ത്താന്‍ സെയ്ഫ് അല്‍ മഹ്‌റൂക്കി പറഞ്ഞു. ആവേശകരമായ അനുഭവമാണ് ബിനാലെ പ്രദര്‍ശനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ബെല്‍ജിയം വിദേശകാര്യ വകുപ്പ് അറ്റാഷെ ഇല്‍സെ ഡൗവിയും ബിനാലെ കാണാനെത്തിയിരുന്നു.