ബിനാലെ കാണാന്‍ തലസ്ഥാനത്തുനിന്ന് പ്രത്യേക ടൂറിസം പാക്കേജ്

209

കൊച്ചി: ‘ബിനാലെയുടെ നാട്’ എന്ന ടൂറിസം വകുപ്പിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് ബിനാലെ കാണാന്‍ മാത്രമായുള്ള പ്രത്യേക ടൂറിസം സംഘം കൊച്ചിയിലെത്തി. ബിനാലെ ഡീലക്‌സ് ബസില്‍ 17 പേരാണ് പ്രദര്‍ശനങ്ങള്‍ കാണാന്‍ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയത്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ഈ യാത്ര സംഘടിപ്പിച്ചത.് പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസ് അടക്കം എല്ലാ വേദികളും സംഘം സന്ദര്‍ശിച്ചു. കൊച്ചി ബിനാലെയുടെ വേറിട്ട പ്രാധാന്യവും സാധ്യതയും മുന്നില്‍ കണ്ടു കൊണ്ടാണ് ഇങ്ങനെയൊരു പാക്കേജിന് ഡിടിപിസി മുന്‍കയ്യെടുത്തത്. ബിനാലെ ഡീലക്‌സ് ബസെന്ന ആശയവും അങ്ങിനെ ഉടലെടുത്തതാണെന്ന് ഡിടിപിസി അസിസ്റ്റന്റ് മാനേജര്‍ കെ സുരേഷ് കുമാര്‍ പറഞ്ഞു.

ടൂറിസം മേഖലയിലെ മറ്റ് പങ്കാളികളെയും ഈ സംരംഭത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചു വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കന്‍ കേരളത്തില്‍നിന്ന് സമാനമായ വിനോദയാത്ര സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇത്തരത്തിലുള്ള യാത്രകള്‍ ഡിടിപിസി സംഘടിപ്പിച്ചു വരുന്നുണ്ട്. കൊച്ചിയും ബിനാലെയും കാണാനുള്ള പാക്കേജ് മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ബിനാലെ പ്രവേശനം സൗജന്യമായിരിക്കുമെന്നും സുരേഷ് പറഞ്ഞു. ബിനാലെയുമായി ബന്ധപ്പെട്ട് പല രീതിയിലുള്ള പ്രചരണ പരിപാടികള്‍ ടൂറിസം രംഗത്ത് കൊണ്ടുവരുന്നത് ഹൃദ്യമായ കാര്യമാണെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. ഇത്തരം പരിപാടികളിലൂടെ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാന്‍ സാധിക്കും. സാംസ്‌കാരികമായ ബന്ധം ഊട്ടിയുറപ്പിക്കാനും, കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY