ബിനാലെ പ്രദര്‍ശനങ്ങളുടെ സത്യസന്ധത അത്ഭുതപ്പെടുത്തുന്നു-സഞ്ജന കപൂര്‍

261

കൊച്ചി: പച്ചപ്പരമാര്‍ത്ഥങ്ങളെയാണ് കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനങ്ങളിലൂടെ നേരിടേണ്ടി വരുന്നതെന്ന് പ്രശസ്ത ചലച്ചിത്രപ്രവര്‍ത്തകയും നടിയുമായ സഞ്ജന കപൂര്‍. കൊച്ചി ബിനാലെ സന്ദര്‍ശിക്കാന്‍ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ എത്തിയതായിരുന്നു അവര്‍. കൊച്ചി ബിനാലെ ആശയങ്ങള്‍ കൊണ്ടുള്ള കളിയാണ്. ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാതെ ആവിഷ്‌കാരം നടത്താനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. അതു തന്നെയാണ് ബിനാലെ പ്രദര്‍ശനങ്ങളുടെ സത്യസന്ധതയും. അതിനാല്‍ തന്നെ പ്രദര്‍ശനങ്ങള്‍ കാണുകയല്ല മറിച്ച് അതിലെ ആശയങ്ങളെ അഭിമുഖീകരിക്കുകയാണ് താന്‍ ചെയ്തതെന്ന് സഞ്ജന പറഞ്ഞു. അത് വ്യത്യസ്തവും അപ്രതീക്ഷിതവുമായ അനുഭവമായിരുന്നു. പ്രശസ്ത ഹിന്ദി നടന്‍ ശശി കപൂറിന്റെയും ജെന്നിഫര്‍ കെന്‍ഡലിന്റെയും മകളായ സഞ്ജന മുഖ്യധാര ചലച്ചിത്രങ്ങളില്‍ ഇടക്കാലത്ത് സജീവമായിരുന്നെങ്കിലും പിന്നീട് നാടക രംഗത്തേക്ക് തിരികയുകയായിരുന്നു. മുംബൈയിലെ പൃഥ്വി തിയേറ്ററുമായി ബന്ധപ്പെട്ടായിരുന്നു പിന്നീടുള്ള ജീവിതം.

ബിനാലെ കാണാന്‍ സമയം മതിയായില്ലെന്ന പരാതിയാണ് സഞ്ജനയ്ക്ക്. ഏറെ സ്വാധീനിച്ച പ്രദര്‍ശനം ലുന്‍ഡാലിന്റെ വെര്‍ച്വല്‍ റിയാലിറ്റി പ്രതിഷ്ഠാപനമാണ്. മനസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുന്ന അനുഭവമാണതെന്ന് സഞ്ജന പറഞ്ഞു. എന്തു കേള്‍ക്കണം, എന്തു കാണണം എന്നതില്‍ നമുക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ. സുപ്രധാനമായ കാര്യം നമ്മെ പൂര്‍ണമായി ഗൈഡിന് വിട്ടുകൊടുത്തിരിക്കുന്നു എന്നതാണ്. കൈ പിടിക്കാന്‍ ആളുണ്ടെന്ന വിശ്വാസം സന്ദര്‍ശകരില്‍ ഉണര്‍ത്താന്‍ ആര്‍ട്ടിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. റൗള്‍ സുരീതയുടെ സീ ഓഫ് പെയിനാണ് ബിനാലെയിലെ ശക്തമായ പ്രതിഷ്ഠാപനമെന്ന് സഞ്ജന പറയുന്നു. മനസിനെ ഉലയ്ക്കുന്ന അനുഭവമാണ് സീ ഓഫ് പെയിന്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. ബിനാലെ സമാപിക്കുന്നതിനു മുമ്പ് തിരിച്ചെത്തുമെന്ന തീരുമാനമെടുത്താണ് സഞ്ജന മടങ്ങിയത്. മൂന്നു ദിവസമെങ്കിലും ബിനാലെയ്ക്ക് നല്‍കാനായി നിശ്ചയിച്ചാകും അടുത്ത വരവെന്നും അവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY