ബിനാലെയ്ക്ക് സ്ഥിരം വേദി; വിശ്വാസ്യതയ്ക്കുള്ള അംഗീകാരമെന്ന് ബോസ് കൃഷ്ണമാചാരി

232

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സ്ഥിരം വേദി നിര്‍മിക്കുന്നതിന് അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാനും അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനത്തിന് രണ്ടു കോടി രൂപ അനുവദിക്കാനുമുള്ള ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ ബജറ്റ് നിര്‍ദ്ദേശത്തെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സ്വാഗതം ചെയ്തു. ഫോര്‍ട്ട് കൊച്ചിയിലെ ബിനാലെ വേദികളായ ആസ്പിന്‍വാള്‍ ഹൗസും കബ്രാള്‍ യാര്‍ഡും ഏറ്റെടുക്കുമെന്നായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നത്. സംസ്ഥാന ബജറ്റിലെ തീരുമാനം വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കലയും സംസ്‌കാരവും നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയാണ് ബിനാലെയുടെ ലക്ഷ്യം. അതിനായി നിരവധി പദ്ധതികള്‍ രൂപപ്പെടുത്തി നടപ്പാക്കി വരുന്നുണ്ട്. സ്ഥിരംവേദി ഈ നീക്കത്തിന് ശക്തി പകരും. കലാ-സാംസ്‌കാരിക മേഖലയുടെ വൈകാരിക ശക്തി മനസിലാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് ബോസ് ചൂണ്ടിക്കാട്ടി.

രാജ്യത്ത് കലാ-സാംസ്‌കാരിക മേഖലയില്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തുന്ന മാതൃകാപരമായ നടപടി എടുക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സഹായത്തോടെ സുസ്ഥിരമായി ഈ ജനകീയ ബിനാലെയുമായി മുന്നോട്ടു പോകാന്‍ സാധിക്കും. ബിനാലെയ്ക്ക് സ്ഥിരം വേദിയെന്നത് സ്വപ്നമായിരുന്നു. കലാരംഗത്തെ ബൃഹത്തായ അടിസ്ഥാന സൗകര്യവികസനത്തിന് നാന്ദികുറിച്ച ധനമന്ത്രി തോമസ് ഐസകിന് കൃതജ്ഞത രേഖപ്പെടുത്തുന്നു. പുരോഗമന മനോഭാവമുള്ള സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും റിയാസ് പറഞ്ഞു. കൊച്ചി ബിനാലെയ്ക്ക് സ്ഥിരം വേദി നല്‍കുമെന്ന് കഴിഞ്ഞ ഡിസംബര്‍ പന്ത്രണ്ടിന് മുന്നാം ലക്കം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിനാലെ സെമിനാര്‍ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY