കൊച്ചി: ആദ്യ ലക്കം ബിനാലെ നടത്തിയപ്പോള്‍ എതിര്‍ത്തവരും വിവാദങ്ങളുണ്ടാക്കിയവരും ഇന്ന് കൊച്ചി-മുസിരിസ് ബിനാലെയെ അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനാലെ സംഘാടകരുടെ മികവാണിതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയുമായ പി രാജീവുമൊത്താണ് കോടിയേരി ബാലകൃഷ്ണന്‍ ബിനാലെ കാണാനെത്തിയത്. ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അദ്ദേഹത്തെ അനുഗമിച്ച് പ്രദര്‍ശനങ്ങള്‍ വിശദീകരിച്ചു. 2012 ല്‍ താന്‍ ആഭ്യന്തര-ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരിക്കെയാണ് ബിനാലെ ആരംഭിക്കുന്നത്. അന്ന് ഇതിനോട് വലിയ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ വിവാദങ്ങളെ അവഗണിച്ച് മുന്നോട്ടു പോയി. പിന്നീട് എതിര്‍ത്തവരും അനുകൂലികളായത് ബിനാലെ നടത്തിപ്പില്‍ കാണിച്ച മികവിന്റെ തെളിവാണ്. സംഘാടകര്‍ക്ക് കലയോടുള്ള പ്രതിബദ്ധത സമൂഹത്തോടുള്ള പ്രതിബദ്ധത തന്നെയാണ്. അതു കൊണ്ടാണ് ജനങ്ങള്‍ തന്നെ ഏറ്റെടുത്ത സംരംഭമായി ഇത് മാറിയത്.
ബിനാലെയ്ക്ക് സ്ഥിരം വേദിയെന്നത് ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നമാണ്. എന്നാല്‍ ഏതെങ്കിലും സ്ഥലം ബിനാലെയ്ക്ക് സ്ഥിരം വേദിയാക്കിയാല്‍ ഇത്തരം പ്രത്യേകതയും സൗകര്യവും ലഭ്യമാകുമോ എന്നും പരിശോധിക്കണം. സ്ഥിരം സംവിധാനമായാല്‍ അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന സംഭവമായി ബിനാലെ മാറും. വേള്‍ഡ് ടൂറിസം മാര്‍ട്ട്, ബെര്‍ലിന്‍, ലണ്ടന്‍ ടൂറിസം മേളകളില്‍ ബിനാലെ പ്രധാന പ്രമേയമാക്കി പ്രചാരണം നടത്തണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായുള്ള നീക്കത്തെയും അംഗീകരിക്കാനാകില്ല. സൃഷ്ടികള്‍ക്കെതിരായി വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ വിയോജിപ്പിന്റെ പേരില്‍ കലാകാരന് സൃഷ്ടി നടത്താനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിനാലെയില്‍ തത്വശാസ്ത്രത്തെക്കാള്‍ കൂടുതല്‍ ചിന്തകള്‍ക്കാണ് പ്രാധാന്യമെന്ന് ബിനാലെ സന്ദര്‍ശിച്ച മുന്‍ ആസൂത്രണബോര്‍ഡ് അംഗം സിപി ജോണ്‍ പറഞ്ഞു. സാധാരണ കലാപ്രദര്‍ശനങ്ങളേക്കാള്‍ കൂടുതല്‍ സന്ദേശം ബിനാലെ നല്‍കുന്നുണ്ട്. സര്‍ഗ്ഗാത്മകതയുടെയും സാധ്യതകളുടെയും ലോകമായി ബിനാലെയ്ക്ക് മാറാന്‍ കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.