വരയ്ക്കാന്‍ കരങ്ങളില്ലെങ്കിലും ഭിന്നശേഷിയായി മനസില്‍ കല

203

കൊച്ചി: ഭിന്നശേഷിയുള്ളവരെ ദിവ്യാംഗരെന്നു വിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കല്‍ തന്റെ റേഡിയോ പ്രക്ഷേപണത്തില്‍ പറഞ്ഞത് തെളിയിക്കാന്‍ ശ്രമിക്കുകയാണ് കൊച്ചി-മുസിരിസ് ബിനാലെയില്‍ വായും കാലുകളും കൊണ്ട് ചിത്രങ്ങള്‍ രചിച്ച എട്ടു പേര്‍. കലയുടെ ദിവ്യശക്തിയാല്‍ തങ്ങള്‍ സാധാരണ മനുഷ്യരിലും ഒരു പടി മുന്നിലാണെന്ന് തങ്ങളുടെ സൃഷ്ടികളിലൂടെ കാണിച്ചുകൊണ്ട് പൂര്‍ണ ശരീരശേഷിയുള്ളവരെ നാണിപ്പിക്കുകയാണ് വീല്‍ ചെയറിലും മറ്റൊരാളുടെ സഹായത്തിലും ബിനാലെയില്‍ എത്തിയ ഇവര്‍. പെന്‍സില്‍, നിറങ്ങള്‍, ജലച്ചായം തുടങ്ങി സാധാരണ ആര്‍ട്ടിസ്റ്റുകളുടെ എല്ലാ മാധ്യമങ്ങളും ഇവര്‍ അനായാസം കൈകാര്യം ചെയ്യുന്നു. നിറങ്ങള്‍ വേണ്ട രീതിയില്‍ പകര്‍ത്തുന്നതും നിറഭേദങ്ങള്‍ കൃത്യമായി രൂപപ്പെടുത്തിയെടുക്കുന്നതിനുമൊന്നും ഇവര്‍ക്ക് കൈകള്‍ വേണ്ട.

അസോസിയേഷന്‍ ഓഫ് മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റസ് ഓഫ് ദി വേള്‍ഡ് (എഎംഎഫ്പിഎ)-ലെ അംഗങ്ങളാണിവര്‍. അഞ്ച് പേര്‍ വായ് കൊണ്ടും മൂന്നു പേര്‍ കാലു കൊണ്ടുമാണ് ചിത്രരചന നടത്തിയത്. ഇവരുടെ കലാപ്രകടനം കാണാന്‍ നിരവധി പേരാണ് ബിനാലെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയത്. ഭിന്ന ശേഷിയുള്ളവരുടെ പെയിന്റിംഗുകള്‍ ടീ ഷര്‍ട്ടിലും മറ്റ് ഉത്പന്നങ്ങള്‍ക്കൊപ്പവും വില്‍ക്കാനുള്ള സൗകര്യവും സംഘടന ചെയ്യുന്നുണ്ടെന്ന് എഎംഎഫ്പിഎ മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ ബോബി തോമസ് പറഞ്ഞു. പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളേക്കാള്‍ ഒട്ടും പുറകിലല്ല ഇവരുമെന്ന് തെളിയിക്കുകയാണ് ഉദ്ദേശ്യം.
കയ്യും കാലും തളര്‍ന്ന് പോയെങ്കിലും ഏഴു വയസുമുതല്‍ വായ് കൊണ്ട് ചിത്രരചന നടത്തി തുടങ്ങിയ ഗണേഷാണ് സംഘടനയിലെ ആദ്യ അംഗം. എല്ലാവരിലും കല ഉറങ്ങിക്കിടപ്പുണ്ട്. ശാരീരികമായ വൈഷമ്യങ്ങള്‍ മറന്ന് അത് കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാലയളവില്‍ ഗണേഷ് കുമാര്‍ 5000-ഓളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

ഏതെങ്കിലും ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിച്ച ആര്‍ട്ടിസ്റ്റുകളേക്കാള്‍ മെച്ചം തങ്ങളേപ്പോലുള്ളവര്‍ക്കാണെന്ന് ഗണേഷ് പറയുന്നു. കാരണം സ്വയം പഠിക്കുന്നതാണ് ആ മെച്ചം. വരയുടെ പഠനമെല്ലാം ഇന്റര്‍നെറ്റിലൂടെയും മറ്റുമാണ് നടത്തുന്നത്. വരയിലെ തുടക്കക്കാര്‍ പ്രകൃതി ദൃശ്യങ്ങളും പരമ്പരാഗത പ്രമേയങ്ങളുമാണ് തെരഞ്ഞെടുക്കുന്നതെങ്കിലും മുതിര്‍ന്ന ആര്‍ട്ടിസ്റ്റുകള്‍ പലരും സൂക്ഷ്മമായ ചിന്തകള്‍ സൃഷ്ടിയിലേക്ക് രൂപാന്തരപ്പെടുത്തുന്നുണ്ട്. തൊടുപുഴക്കാരിയായ ജിലു മരിയയാണ് സംഘടനയിലെ പ്രായം കുറഞ്ഞ അംഗം. ലോകമെമ്പാടും എണ്ണൂറോളം ഭിന്നശേഷിയുള്ള ആര്‍ട്ടിസ്റ്റുകളുണ്ട്. ഇന്ത്യയില്‍ 21 പേരാണ് ഈ സംഘടനയില്‍ അംഗങ്ങളായുള്ളത്.

NO COMMENTS

LEAVE A REPLY