വീണുപോയവന്‍റെ സങ്കീര്‍ത്തനം, റൗള്‍ സുറീതയുടെ കവിത

260

കൊച്ചി: ഏകാധിപതികളുടെ ക്രൂരതകള്‍ക്കുമുന്‍പില്‍ വീണുപോയവരുടെ സങ്കീര്‍ത്തനമാണ് റൗള്‍ സുറീതയുടെ കവിത. ജനാധിപത്യത്തില്‍ ദുര്‍ബലവിഭാഗങ്ങളുടെ സ്ഥാനം ഓര്‍മ്മിപ്പിക്കുകയാണ് പ്രത്യക്ഷത്തില്‍ കാണാതായ കുട്ടികളെ തിരയുന്ന രക്ഷിതാവിന്റെ കഥപറയുന്ന കവിത. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തിയാര്‍ജ്ജിക്കുകയാണ് സുറീത 1985ല്‍ എഴുതിയ സോംഗ് ഫോര്‍ ഹിസ് ഡിസപ്പിയേഡ് ലവ് (അവന്റെ അപ്രത്യക്ഷമായ സ്‌നേഹത്തെക്കരുതിയുള്ള പാട്ട്).

കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) 2016ല്‍ പങ്കെടുക്കുന്ന ആറ് കവികളുടെ കാവ്യസായാഹ്നത്തിലാണ് സുറീത തന്റെ കാവ്യം ആലപിച്ചത്. ചിലെയിലെ സൈനിക ഏകാധിപതി ആഗസ്‌തോ പിനോഷെയുടെ വാഴ്ചയില്‍ ആയിരക്കണക്കിന് ചിലിയന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടതും കാണാതായതും. അരലക്ഷത്തോളം പേര്‍ തടവിലാക്കപ്പെടുകയോ ‘പ്രാണഭയമിയന്ന പലായന’ത്തിന് വിധിക്കപ്പെടുകയോ ചെയ്തു. അധികാരത്തിന്റെ ക്രൂരതകള്‍ നേരിട്ടനുഭവിച്ച കവിയെന്ന് നിലയില്‍ റൗള്‍ സുറീത പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായാണ് അനുഭവപ്പെടുന്നത്.
ബിനാലെയുടെ പ്രമേയമായ ഫോമിംഗ് ഇന്‍ ദി പ്യൂപ്പ്ള്‍ ഓഫ് ആന്‍ ഐ (ഉള്‍ക്കാഴ്ച്ചകളുരുവാകുന്നിടം) എന്ന കാവ്യശകലം കടന്നുവരുന്ന കവിത ശര്‍മ്മിഷ്ഠ മൊഹന്തി അവതരിപ്പിച്ചു. ഭാഷയേയും ശരീരത്തേയും ആത്മാവിനേയും സുഖപ്പെടുത്തുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കവിതകളാണ് ശര്‍മ്മിഷ്ഠയുടേത്.

ബിനാലെയില്‍ ദ പിരമിഡ് ഓഫ് എക്‌സൈല്‍ഡ് പോയറ്റ്‌സ് എന്ന ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ച സ്ലൊവേനിയന്‍ കവിയായ അലേഷ് ഷ്‌റ്റെയ്ഗര്‍ ‘ബുക് ഓഫ് തിംഗ്‌സ്’ (വസ്തുക്കളുടെ പുസ്തകം) എന്ന സമാഹാരത്തിലെ കവിതകളാണ് ചൊല്ലിയത്. ഭൗതിക തലത്തിലെ ആഖ്യാനത്തിനപ്പുറം നിത്യജീവിതത്തിലെ വസ്തുക്കളുടെ വ്യാഖ്യാനമായി ഹെയര്‍ ഡ്രൈയര്‍, ദി എഗ്, സ്റ്റോണ്‍, എന്‍ഡ് എന്നീ കവിതകള്‍ ഷ്‌റ്റെയ്ഗര്‍ പരിചയപ്പെടുത്തി. അര്‍ജെന്റീനിയന്‍ കവിയും നോവലിസ്റ്റുമായ സെര്‍ജിയോ ചെയ്‌ഫെക് ‘സിംപ്ള്‍ ലാംഗ്വേജ് (ലളിതഭാഷ) എന്ന കവിതയാണ് ചൊല്ലിയത്. മരണപ്പെട്ട് വെനെസ്വേലന്‍ കവി സാഞ്ചസിനെക്കുറിച്ചുള്ള കവിതയില്‍ ചെയ്‌ഫെകിന്റെ ബിനാലെയിലെ പ്രദര്‍ശനമായ നോവലായ ബാരോണി : ഏ ജേണിയിലെ ഘടകങ്ങളും ഉള്‍പ്പെടുന്നു. താജ്മഹല്‍ ടിയേഴ്‌സ് (താജ്മഹലിന്റെ കണ്ണീര്‍) എന്ന സമാഹാരത്തിലെ കവിതകളാണ് ചൈനീസ് കവിയായ ഒയാങ്ങ് ജിയാന്‍ഗി അവതരിപ്പിച്ചത്. ഗംഗയും ബോധിവൃക്ഷവും അടക്കമുള്ള ഭാരതീയ ചിഹ്നങ്ങള്‍ താജ്മഹല്‍ പശ്ചാത്തലമായ കവിതകളില്‍ കടന്നുവരുന്നു. റൗള്‍ സുറീതയ്ക്ക് സമര്‍പ്പിച്ച ദ നോണ്‍ ആന്‍ഡ് ദ ഫോര്‍ടോള്‍ഡ് (അറിഞ്ഞതും, പ്രവചിക്കപ്പെട്ടതും) എന്ന കവിത മെക്‌സിക്കന്‍ കവയത്രി വലേറി മെയര്‍ കാസോ അവതരിപ്പിച്ചു.

പരിഭാഷക അന്ന ഡീനി മൊറെയ്ല്‍സാണ് സുറീതയുടെ കവികള്‍ക്ക് ഇംഗ്ലീഷ് പരിഭാഷ ആലപിച്ചത്. റൗള്‍ സുറീതയുടെ കവിതകളില്‍ പലതും അന്ന ഡീനിയാണ് പരിഭാഷ ചെയ്തിട്ടുള്ളത്. പരിഭാഷകനും സാഹിത്യപ്രവര്‍ത്തകനുമായ രാഹുല്‍ സോണി മറ്റ് ഇതരഭാഷാ കവിതകളുടെ പരിഭാഷകള്‍ ചൊല്ലി. ഫോര്‍ട്ട് കൊച്ചിയിലെ കബ്രാള്‍ യാഡിലെ പവിലിയനില്‍ നിറഞ്ഞ സദസിനുമുന്നിലായിരുന്നു കാവ്യസന്ധ്യ നടന്നത്.

NO COMMENTS

LEAVE A REPLY