കൊച്ചി: സാധാരണക്കാരന്റെ കാഴ്ചയ്ക്കപ്പുറമാണ് ബിനാലെ സൃഷ്ടികളുടെ ഭംഗിയും പ്രമേയത്തിന്റെ ആഴവുമെന്ന് സിനിമതാരം മമ്മൂട്ടി. സാഹിത്യകാരനും നടനുമായ വി കെ ശ്രീരാമനുമൊത്ത് കൊച്ചി-മുസിരിസ് ബിനാലെ സന്ദര്‍ശിക്കാന്‍ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ എത്തിയതായിരുന്നു അദ്ദേഹം. കേവലം മനുഷ്യനിര്‍മ്മിതം മാത്രമാണ് ബിനാലെ സൃഷ്ടികളെന്നു പറയാനാവില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അതിനുമപ്പുറത്ത് ദൈവികവും പ്രകൃതി ദത്തവുമായ എന്തോ ഒന്ന് ഇതിലുണ്ട്. ആ ഘടകമാണ് കൊച്ചി ബിനാലെയ്ക്ക് ലോകഭൂപടത്തില്‍ സ്ഥാനം നല്‍കിയതെന്നും മമ്മൂട്ടി പറഞ്ഞു. കേവലം ചായവും കടലാസും ക്യാന്‍വാസും മാത്രമല്ല ബിനാലെ. നമ്മുടെ കണ്ണു കൊണ്ട് കാണാന്‍ കഴിയുന്നതിനപ്പുറമാണ് ഇതിലെ സൃഷ്ടികളുടെ ആഴം. ഉത്തരാധുനികതയില്‍ ബിനാലെ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കാലത്തെ കലയെയും പരമ്പരാഗത കലാകാരന്മാരെയും ബിനാലെ കൂടുതല്‍ പരിഗണിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു. അത് പരമ്പരാഗത കലയ്ക്കും കലാകാരന്മാര്‍ക്കുമുള്ള അംഗീകാരം കൂടിയായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി ബിനാലെയ്ക്ക് സ്ഥിരം വേദി ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം കൂടുമ്പോഴാണ് ബിനാലെ നടക്കുന്നത്. അതിനിടയിലുള്ള സമയം മറ്റു കലാരൂപങ്ങളുടെ ബിനാലെ മാതൃകയിലുള്ള പ്രദര്‍ശനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ, നാടകം, നൃത്തം എന്നിവയ്ക്കും ബിനാലെ ആകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് ബിനാലെയെന്ന് മാധ്യമപ്രവര്‍ത്തക അനിതപ്രതാപ് പറഞ്ഞു. സൃഷ്ടികളുടെ സൗന്ദര്യം മാത്രമല്ല ബിനാലെയ്ക്കുള്ളത്. മിറച്ച് വൈകാരികവും ബൗദ്ധികവും, ആത്മീയവും, സാമൂഹ്യവുമായി നാം മനുഷ്യരാണ് എന്നുറപ്പിക്കുന്ന തിരിച്ചറിവാണ് ബിനാലെ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. സുരേഷ് കുറുപ്പ് എം എല്‍ എ, തിരക്കഥാകൃത്ത് രഘുനാഥ് പലേരി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍, എന്നിവരും ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ചു.