കൊച്ചി-മുസിരിസ് ബിനാലെയില്‍ അത്ഭുതം കൂറി ഡല്‍ഹി സംസ്ഥാന മന്ത്രി ഇമ്രാന്‍ ഹുസൈനും സംഘവും

264

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി ബിനാലെയെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ഡല്‍ഹി ഭക്ഷ്യ വകുപ്പ് മന്ത്രി ഇമ്രാന്‍ ഹുസൈന്‍. സംസ്ഥാനത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം കാണാന്‍ ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ സമുച്ചയത്തിലെത്തിയതായിരുന്നു മന്ത്രി. സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന കലാസൃഷ്ടികളാണ് ബിനാലെയില്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രിയോടൊപ്പം വന്ന എം എല്‍ എ സോമനാഥ് ഭാരതി പറഞ്ഞു. ഇത്തരം പ്രദര്‍ശനങ്ങള്‍ ഡല്‍ഹിയിലുണ്ടെങ്കില്‍ തലസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ പ്രദര്‍ശനത്തിന്റ ഓരോ ഇഞ്ചും പ്രചോദനം നല്‍കുന്നതാണ്. എങ്ങും സര്‍ഗ്ഗാത്മകതയുടെ പ്രതിഫലനം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി മുസിരിസ് ബിനാലെ ആദ്യ ലക്കം മുതല്‍ക്ക് തന്നെ ലിവര്‍പൂര്‍ ബിനാലെ ഡയറക്ടറായ സാലി ടാലന്റ് പതിവു സന്ദര്‍ശകയാണ്. ലിവര്‍പൂള്‍, കൊച്ചി ബിനാലെകള്‍ തമ്മില്‍ സാദൃശ്യവും പരസ്പര സഹകരണത്തിനുള്ള സാധ്യതകളും ഏറെയാണെന്നാണ് അവരുടെ അഭിപ്രായം. കൊച്ചി ബിനാലെ ഫൗണ്ടേഷനും ലിവര്‍പൂള്‍ ബിനാലെയും ജീവനക്കാരെ കൈമാറ്റം ചെയ്ത് പ്രവര്‍ത്തന രീതികള്‍ മനസിലാക്കാന്‍ അവസരമുണ്ടാക്കും. കൊച്ചിയുടെ അടിസ്ഥാന സൗകര്യത്തില്‍ ബിനാലെ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പ്രദേശവാസികള്‍ ബിനാലെയെ പൂര്‍ണമായും ഏറ്റെടുത്തു കഴിഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റുഡന്റ്‌സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രനും കൊച്ചി ബിനാലെ പ്രധാന പ്രദര്‍ശനത്തോടൊന്നിച്ച് നടത്താനുള്ള തീരുമാനം ഏറെ ആകര്‍ഷിച്ചെന്ന് അവര്‍ പറഞ്ഞു. നാട്ടിലെ സ്‌കൂളുകളും ലിവര്‍പൂള്‍ ബിനാലെയുമായി സംയോജിച്ചുള്ള പ്രവര്‍ത്തനം താന്‍ ഉറ്റു നോക്കുകയാണെന്നും ടാലന്റ് പറഞ്ഞു.

NO COMMENTS

LEAVE A REPLY