മേഘങ്ങള്‍ വഴി ആശയവിനിമയം നടത്തുന്ന ശാസ്ത്ര കലാസൃഷ്ടിയുമായി സ്വീഡനില്‍ നിന്ന് സെയ്റ്റിലും ലുന്‍ഡാലും

190

കൊച്ചി: മേഘപടലങ്ങള്‍ വഴി ആശയവിനിമയം നടത്താനുള്ള മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ശാസ്ത്രീയമായ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം ബിനാലെയില്‍ ഒരുക്കുകയാണ് സ്വീഡിഷ് ആര്‍ട്ടിസ്റ്റുകളായ ലുന്‍ഡാലും സൈറ്റലും. അണ്‍നോണ്‍ ക്ലൗഡ് എന്നാണ് ഈ പദ്ധതിയുടെ പേര്. ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ നടന്ന ലെറ്റ്‌സ് ടോക്കില്‍ കലയുടെ ശാസ്ത്രീയമായ വിശദീകരണം മാര്‍ട്ടീന സൈറ്റല്‍ നല്‍കി. സമയം, ദേശം, ദൂരം എന്നിവയെ തകിടം മറിക്കുന്ന പദ്ധതിയാണ് ഈ സ്വീഡിഷ് ആര്‍ട്ടിസ്റ്റുകള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പ് ആധാരമാക്കി വലിയ സമൂഹങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന ഒരു ആശയവിനിമയ സംവിധാനമാണ് അണ്‍നോണ്‍ ക്ലൗഡ്. ഇതിന്റെ പരീക്ഷണം അസമിലെ ദിഫുവിലും സ്വീഡനിലും നടന്നു.

സാധ്യമാക്കാന്‍ ഏറെ ക്ലേശകരമായ കാര്യമാണിതെന്ന് ഉത്തമ ബോധ്യമുണ്ടെന്ന് സെയ്റ്റല്‍ പറഞ്ഞു. വിവിധ ഭാഷ സംസാരിക്കുന്ന, വിവിധ ഭൂഖണ്ഡങ്ങളിലുള്ള ജനങ്ങള്‍ അണ്‍നോണ്‍ ക്ലൗഡ് എന്ന മേഘപടലത്തിലൂടെ ആശയവിനിമയം നടത്തുന്ന അവസ്ഥയാണ് തങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പോകുന്നത്. ശാസ്ത്രവുമായി ബന്ധപ്പെട്ടതാണെങ്കിലും ആര്‍ട്ടിസ്റ്റുകള്‍ കൂടിയായ തങ്ങള്‍ ശാസ്ത്രീയ നിര്‍വചനങ്ങളൊന്നും പാലിക്കാറില്ലെന്ന് സെയ്റ്റല്‍ പറയുന്നു. ഈ പദ്ധതി പരിണാമ ഘട്ടത്തില്‍ മാത്രമാണ്. 2057 ല്‍ ഇത് പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

സമയം, പരിണാമം എന്നിവയാണ് ഈ പ്രക്രിയയിലെ പ്രധാന കാര്യങ്ങള്‍. ഗവേഷണത്തിലൂന്നിയ ഈ പദ്ധതികളെല്ലാം നിയതമായ സ്ഥലത്തിനും സാഹചര്യത്തിനും അനുസരിച്ചുള്ളതാണ്. സംസ്‌കാരം, സാങ്കേതിക വിദ്യ എന്നിവയുമായി മനുഷ്യബോധത്തിനുള്ള പരസ്പര പൂരകമല്ലാത്ത പരിണാമവും ഇതിലൂടെ അന്വേഷിക്കപ്പെടുന്നുണ്ട്. കലാസംവിധാനം, വന്‍ നിര്‍മ്മിതികള്‍,പരിശീലന പരിപാടികള്‍, സെമിനാറുകള്‍ എന്നിവയിലൂന്നിയാണ് ലുന്‍ഡലിന്റെയും സെയ്റ്റലിന്റെയും പ്രവര്‍ത്തനം.

NO COMMENTS

LEAVE A REPLY