ദില്ലി: ലോക്സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അംബരപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. എന്നാല്‍ കൊടിക്കുന്നിലിന്‍റെ ഹിന്ദി സത്യപ്രതിജ്ഞയ്ക്കെതിരെ യുപിഎ അധ്യക്ഷ വാളെടുത്തെന്നാണ് റിപ്പോര്‍ട്ട്. മലയാളികളായ എംപിമാര്‍ മലയാളത്തില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ ആവശ്യപ്പെട്ടത്രേ.മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പ്രധാമന്ത്രി നരേന്ദ്ര മോദിക്ക് പിറകെ രണ്ടാമനായാണ് മാവേലിക്കരയില്‍ നിന്നുള്ള എംപിയായ കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടേം സ്പീക്കര്‍ ഇംഗ്ലീഷിലുള്ള സത്യപ്രതിജ്ഞാ പകര്‍പ്പ് കൊടിക്കുന്നിലിന് കൈമാറിയെങ്കിലും അദ്ദേഹം ഹിന്ദി മതിയെന്ന് അറിയിക്കുകയായിരുന്നു.മലയാളിയായ കൊടിക്കുന്നിലിന്‍റെ ഹിന്ദിയിലുള്ള സത്യപ്രതിജ്ഞയെ ബിജെപി അംഗങ്ങള്‍ കൈയ്യടിച്ചു.
എന്നാല്‍ ഇത് സോണിയാ ഗാന്ധിയെ ചൊടിപ്പിച്ചത്രേ. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് വിശദീകരണം ചോദിക്കുകയും ചെയ്തു. എന്നാല്‍ കൊടിക്കുന്നിലിന്‍റെ വിശദീകരണത്തില്‍ തൃപ്തയാവാത സോണിയ കൊടിക്കുന്നിലിനെ രൂക്ഷമായി ശകാരിച്ചെന്നാണ് വിവരം. അതേസമയം ബാക്കിയുള്ള എംപിമാര്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ ഗാന്ധി നിര്‍ദ്ദേശിക്കുകയും ചെയ്തു.