തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരേ ലോംഗ് മാര്‍ച്ച് നടത്തിയ ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ തയ്യാറാണോയെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റു കൊടിക്കുന്നില്‍ സുരേഷ് എം.പി ചോദിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെപ്പോലെ കേന്ദ്ര സര്‍ക്കാരും പ്രതികൂട്ടിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ നിലപാടുകളാണ് ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലവിലെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് എതിരായി സുപ്രീംകോടതിയില്‍ നിന്നും വിധിയുണ്ടായതെന്ന് കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന് വേണ്ടി സുപ്രീകോടതിയില്‍ ഹാജരായ അറ്റോണി ജനറല്‍ കെ.ക.വേണുഗോപാലിന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ജസ്റ്റീസ് ഇന്ദുമല്‍ഹോത്രയുടെ വിധിയോടാണ് തനിക്ക് യോജിപ്പെന്ന് കെ.കെ.വേണുഗോപാല്‍ വ്യക്തമാക്കിയതോടെ കേന്ദ്രസര്‍ക്കാരിന്റെ കള്ളക്കളി വെളിച്ചത്തുവന്നു.
ശബരിമലയെ കലാപഭൂമിയാക്കാന്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും ഒരേ നിലപാട് സ്വീകരിച്ചതിന്റെ പരിണിതഫലമായിട്ടാണ് സുപ്രീംകോടതിയില്‍ നിന്നും സ്ത്രീപ്രവേശനത്തിന് അനുകൂല വിധിയുണ്ടായത്. കേരളം സന്ദര്‍ശിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും നരേന്ദ്ര മോദിയേയും കടുത്ത ഭാഷയില്‍ വിമര്‍ച്ചതിന്റെ അടിസ്ഥാനത്തിലെങ്കിലും കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ കണ്ണ് തുറക്കേണ്ടതാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പന്തളത്ത് നിന്നും തിരുവനന്തപുരത്തേക്ക് നയിച്ചത് ലോംഗ് മാര്‍ച്ചല്ലായിരുന്നുവെന്നും വിശ്വാസികളുടെ കണ്ണില്‍ പൊടിയിടനുള്ള ചെപ്പടിവിദ്യയായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി. ലോംഗ് മാര്‍ച്ചില്‍ പൊതുജനപങ്കാളിത്തം ഇല്ലായിരുന്നു. ഓരോ സ്വീകരണ വേദികളിലും പങ്കെടുത്ത ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെയാണ് അടുത്ത സ്വീകരണ സ്ഥലത്തും പങ്കെടുത്തത്. പി.എസ്. ശ്രീധരന്‍ പിള്ളയുടെ ലോംഗ് മാര്‍ച്ചിന് വിശ്വാസി സമൂഹത്തിന്റെ പിന്തുണ ലഭിച്ചില്ല.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരേ രാഷ്ട്രീയ കക്ഷി ദേദമന്യേ വിശ്വാസിസമൂഹം ഒറ്റക്കെട്ടായി പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടതോടെ ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ച ബി.ജെ.പിയും ആര്‍.എസ്.എസും വിശ്വാസിസമൂഹത്തിനിടയില്‍ ഒറ്റപ്പെട്ടതായും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
പന്തളം രാജകുടുംബവും, എന്‍.എസ്.എസും മറ്റു ഹൈന്ദവ സംഘടനകളും ഒറ്റക്കെട്ടായി സുപ്രീംകോടതി വിധിക്കെതിരേ സമരം നടത്തുമ്പോള്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാതെയും നിയമനിര്‍മ്മാണം നടത്താതെയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമാണ് ലോംഗ് മാര്‍ച്ച് പൊളിയാനിടയാക്കിയതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.