ദേവസ്വം മന്ത്രി രാജിവയ്ക്കണം ; കൊടിക്കുന്നില്‍ സുരേഷ്

179

തിരുവനന്തപുരം : വിശ്വാസികള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതില്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ട ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണം, അല്ലാത്തപക്ഷം അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. ഏറ്റവും കഴിവുകെട്ട മന്ത്രിയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ സ്വയം തെളിയിച്ചു. ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്ന അവലോകനയോഗങ്ങള്‍ വെറും ചടങ്ങുമാത്രമായി. മുഖ്യമന്ത്രി ശബരിമലയില്‍ നേരിട്ടെത്തി മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയില്ല.

പ്രളയത്തില്‍ തകര്‍ന്ന പമ്പ, ത്രിവേണികളുടെ പുനരുദ്ധാരണത്തിലും ഇടത്താവങ്ങളായ റാന്നി, പന്തളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതിലും സര്‍ക്കാര്‍ അലംഭാവം കാട്ടി. തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് ഒന്നും ചെയ്തില്ല. ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി ഒന്നും ചെയ്തില്ല. ശൗചാലയങ്ങള്‍ ക്രമീകരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നോക്കുകുത്തിയാ യിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല.

ശബരിമലയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ചും ദേവസ്വംബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ ഒരു ഏകോപനവുമില്ല. ശബരിമലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആയിരക്കണക്കിന് പോലീസിനെ വിന്യസിപ്പിച്ച് തീര്‍ത്ഥാടകരെ പേടിപ്പെടുത്തുന്നു. അനാവശ്യനിയന്ത്രണം ഭക്തരെ വലക്കുന്നു. രാത്രികാലങ്ങളില്‍ പോലീസ് കടകള്‍ അടപ്പിക്കുന്നതിനാല്‍ അയപ്പ ഭക്തര്‍ക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ല. സംഘര്‍ഷമുണ്ടാക്കി ശബരിമലയുടെ പ്രധാന്യം തകര്‍ക്കാന്‍ സി.പിഎമ്മും ബി.ജെ.പിയും ശ്രമിക്കുന്നു. വൃശ്ചികം ഒന്നിന് തന്നെ ഹര്‍ത്താല്‍ നടത്തിയ ബി.ജെ..പി വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

NO COMMENTS