തിരുവനന്തപുരം: ലോ അക്കാദമി സമരത്തിന്റെ മറവില്‍ ബിജെപി നടത്തിയത് കോലീബി സംഖ്യത്തിനുള്ള നീക്കമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാറിനെതിരെ ബിജെപി ഒരുക്കിയ കെണിയില്‍ മറ്റ് പാര്‍ട്ടികള്‍ വീണുപോയി. ഇടത് ഐക്യത്തെ ദുര്‍ബലപ്പെടുത്തരുതെന്ന് ഓര്‍മ്മപ്പെടുത്തി സിപിഐയെയും ദേശാഭിമാനി ലേഖനത്തില്‍ പരോക്ഷമായി വിമര്‍ശിക്കുന്നു.
ലോ അക്കാദമി സമരം വന്‍ വിജയമാണെന്ന് സിപിഐ വിലയിരുത്തുമ്പോഴാണ് സി പി ഐ എം സെക്രട്ടറിയുടെ വിമര്‍ശനം. ഇടത് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനും അസ്ഥിരപ്പെടുത്താനുമുള്ള സമരമാക്കി പേരൂര്‍ക്കടയിലെ സമരവേദിയെ മാറ്റി. നോട്ട് പ്രതിസന്ധിയില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് സമരം നടത്താന്‍ വിസമ്മതിച്ച സുധീരനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലീഗിനും ബിജെപിയുമായി കൂട്ടുകൂടി സമരം നടത്താന്‍ ഒരു മടിയുമുണ്ടായില്ല. സമരം നീട്ടി കൊണ്ടുപോയതിലൂടെ ബിജെപി ഒരുക്കിയ രാഷ്ട്രീയ കെണിയില്‍ മറ്റ് പാര്‍ട്ടികള്‍ വീണുപോയെന്നും ഇത് മനസ്സിലാക്കി നിലപാടെടുക്കാന്‍ എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവര്‍ക്കും കഴിഞ്ഞില്ലെന്നും സിപിഐയെ പേരെടുത്ത് പറായതെ കോടിയേരി കുറ്റപ്പെടുത്തുന്നു. സമരത്തിന്റെ മറവില്‍ മുഖ്യമന്ത്രിയെ താറടിക്കാന്‍ നടത്തിയ നീക്കം പ്രതിഷേധാര്‍ഹമാണ്. യുഡിഎഫിലേത് പോലെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന രീതി എല്‍ഡിഎഫ് ഭരണകാലത്തില്ല. ഒരു വിദ്യാഭ്യാസമന്ത്രിയും ഒരു റവന്യു മന്ത്രിയും അവരെ നയിക്കാന്‍ ഒറ്റ മുഖ്യമന്ത്രിയും മാത്രമെയുണ്ടാകുകയുള്ളൂവെന്നും ലേഖനത്തില്‍ കോടിയേരി വിശദീകരിക്കുന്നു. ദേശീയ തലത്തില്‍ ഇടത് ഐക്യം പ്രധാനപ്പെട്ടതാണ്. അതിനെ ദുര്‍ബലമാക്കാനുള്ള നടപടികള്‍ ആരുടെയും ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ഓര്‍മ്മപ്പെടുത്തലും സിപിഐയെ മുന്‍നിര്‍ത്തി ലേഖനത്തില്‍ കോടിയേരി നടത്തുന്നു.