ന്യൂഡൽഹി : സൈനികരെ അപമാനിച്ചു പ്രസംഗിച്ച സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എൻ ഡി എ ദേശീയ സമിതിയംഗമായ പി.സി.തോമസ് രാഷ്ട്രപതിക്കു പരാതി നൽകി. ഇന്ത്യൻ സൈന്യത്തിനെതിരെ മോശം പരാമർശം നടത്തിയെന്ന് കാട്ടിയാണ് പരാതി നൽകിയത്. കോടിയേരിയുടെ പ്രസംഗം ദേശീയ തലത്തിലും വൻ വിവാദമായിരുന്നു. കശ്മീരിലും നാഗാലാൻഡിലും മണിപ്പൂരിലും പ്രയോഗിക്കുന്ന പട്ടാളനിയമമായ ‘അഫ്സ്പ’ കേരളത്തിൽ നടപ്പിലാക്കിയാൽ എങ്ങനെ എന്നായിരുന്നു കോടിയേരിയുടെ വിവാദ പ്രസംഗം. കണ്ണൂരിൽ പട്ടാളം വന്നാൽ നാലാള് കൂടി നിന്നാൽ അവരെ വെടി വെച്ച് കൊല്ലുന്നവരാണെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവരാണെന്നും കോടിയേരി പറഞ്ഞിരുന്നു.
പട്ടാളനിയമം നടപ്പിലാക്കിയ എല്ലാ സ്ഥലത്തെയും അനുഭവം ഇതാണെന്നും കോടിയേരി പറഞ്ഞിരുന്നു.എന്നാല്‍ ഇന്ത്യൻ സേനയെ താൻ അപമാനിച്ചു എന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നത് തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചരണമാണെന്ന് കോടിയേരി ബാലകൃഷ്ണൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.