തിരുവനന്തപുരം• കേന്ദ്ര ബജറ്റ് കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവും തൊഴിലില്ലാത്ത യുവാക്കളേയും കൃഷിക്കാരേയും നിരാശപ്പെടുത്തുന്നതുമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലെ വാഗ്ദാനം ബി.ജെ.പി സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണ്. കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ചയുടെ ഭാഗമായി വിറങ്ങലിച്ചു നില്‍ക്കുന്ന കാര്‍ഷികമേഖലയെ രക്ഷിക്കാനുള്ള ഒരു നിര്‍ദ്ദേശവും കേന്ദ്ര ബജറ്റില്‍ ഇല്ല. കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിന് വേണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടില്ല. കേരളത്തിലെ റബ്ബറിന്റേയും മറ്റ് വാണിജ്യ വിളകളുടേയും വിലയിടിവ് തടയാന്‍ നടപടി സ്വീകരിക്കുമെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രഖ്യാപനം നടപ്പാക്കപ്പെട്ടില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് വേണ്ടി നീക്കിവെച്ച ഫണ്ടില്‍ കാലോചിതമായ വര്‍ദ്ധനവ് വരുതാത്തത് സംസ്ഥാന ഗവണ്‍മെന്റിന്റെ സാമ്ബത്തിക ബാധ്യത വര്‍ദ്ധിപ്പിക്കും. തൊഴിലവസരം വര്‍ദ്ധിപ്പിക്കാന്‍ ഒരു നിര്‍ദ്ദേശവും മുന്നോട്ടുവെയ്ക്കാത്ത ബജറ്റ് യുവാക്കളോടുള്ള വെല്ലുവിളിയാണ്.
ഡീസലിന്റേയും പെട്രോളിന്റേയും വില അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിരവധി തവണ വര്‍ദ്ധിപ്പിച്ച എക്സൈസ് തീരുവ കുറയ്ക്കാന്‍ തയ്യാറാകാത്തത് വിലക്കയറ്റം രൂക്ഷമാക്കും. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കേരത്തിലെ റേഷന്‍ സമ്ബ്രദായം അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍, വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തത് കേരളത്തില്‍ വിലക്കയറ്റം രൂക്ഷമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് 1 ലക്ഷം കോടി രൂപ സമാഹരിക്കുന്നത് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്ത്യം കുറിക്കും. ബി.ജെ.പി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.