തിരുവനന്തപുരം : മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സ്ഥിതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവിടങ്ങളിലെപ്പോലെ അടിമപ്പണി ചെയ്യേണ്ട അവസ്ഥ ഇവിടെയില്ലെന്നും, കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ ‘വിദര്‍ഭ’ കേരളത്തില്‍ അല്ലെന്നും കോടിയേരി പറയുന്നു. ഫെയ്സ്ബുക്ക് പേജിലാണ് കോടിയേരിയുടെ പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
മുംബൈയിലെപ്പോലെ കര്‍ഷകസമരം കേരളത്തില്‍ എന്തുകൊണ്ട് സംഘടിപ്പിക്കുന്നില്ലെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചു. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് തുലോം വ്യത്യസ്തമാണ് കേരളത്തിലെ കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സ്ഥിതി.
അവിടങ്ങളിലെപ്പോലെ അടിമപ്പണി ചെയ്യേണ്ട അവസ്ഥ ഇവിടെയില്ല. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ ‘വിദര്‍ഭ’ കേരളത്തില്‍ ഇല്ല. ആദിവാസി ഭൂനിയമം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, കിട്ടിയ ഭൂമിയില്‍ പട്ടയം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയിട്ടില്ല.
കേന്ദ്ര വനാവകാശനിയമപ്രകാരം ആദിവാസികളുടെ ഭൂമിക്ക് കൈവശരേഖ 2006 – 11ലെ എല്‍ഡിഎഫ് സര്‍ക്കാര്‍തന്നെ നല്‍കിയിട്ടുണ്ട്. എന്നാല്‍, കിട്ടിയ ഭൂമിയില്‍ പട്ടയം നല്‍കാന്‍ കേന്ദ്രനിയമത്തില്‍ മാറ്റം വരുത്തണം. അത് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടില്ല. കേന്ദ്രത്തിന്റെ ഈ ആദിവാസിവിരുദ്ധ സമീപനത്തിനെതിരെ ശബ്ദിക്കുന്നതിനുപകരം, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കേരള മുഖ്യമന്ത്രി കണ്ടുപഠിക്കണമെന്ന കുമ്മനത്തിന്റെ സാരോപദേശം പരിഹാസ്യമാണ്.
ഇടതുപക്ഷ ബദല്‍രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് മുംബൈ കര്‍ഷകപ്രക്ഷോഭം കാട്ടിത്തരുന്നത്. എത്ര എംഎല്‍എമാരും എംപിമാരും ഉണ്ടെന്നതിനെ ആസ്പദമാക്കി ഇടതുപക്ഷത്തിന്റെ ഇടപെടല്‍ശക്തിയെ വിലയിരുത്തുന്നതിന്റെ അപര്യാപ്തത ഈ സംഭവം ബോധ്യപ്പെടുത്തുന്നു.
പാര്‍ലമെന്ററി മാര്‍ഗത്തോടൊപ്പം പാര്‍ലമെന്റേതര മാര്‍ഗവും ഉപയോഗപ്പെടുത്തി വര്‍ഗസമരം വളര്‍ത്തുന്നതിനാണ് കമ്യൂണിസ്റ്റുകാര്‍ ഇടപെടേണ്ടത്.