സക്കീര്‍ ഹുസൈന്‍ പൊലീസിനു മുന്‍പാകെ കീഴടങ്ങണമെന്നു കോടിയേരി ബാലകൃഷ്ണന്‍

202

തിരുവനന്തപുരം• വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റിയംഗം സക്കീര്‍ ഹുസൈന്‍ പൊലീസിനു മുന്‍പാകെ കീഴടങ്ങണമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണവിധേയര്‍ നിയമത്തിനു മുന്നില്‍ ഹാജരാകണം. അതേസമയം, സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫിസിലെത്തിയത് അന്വേഷിക്കുമെന്നും കോടിയേരി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതിനെത്തുടര്‍ന്നാണ് സക്കീര്‍ കളമശേരി ഏരിയാ കമ്മിറ്റി ഓഫിസിലെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസിനു പക്ഷേ, ഉന്നതങ്ങളില്‍നിന്നുള്ള അനുമതി ലഭിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. വിധി വന്നതിന്റെ തൊട്ടടുത്ത മണിക്കൂറിലാണു സക്കീര്‍ ഹുസൈനു പാര്‍ട്ടി ഓഫിസില്‍ ഒളിത്താവളമൊരുക്കിയത്. തുടര്‍ന്ന് ഏരിയാ കമ്മിറ്റിയംഗങ്ങളുടെ യോഗത്തിലും സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങണമെന്നും ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ പൊലീസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കണമെന്നുമാണു സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫിസില്‍ തന്നെയുണ്ടെന്നു യോഗത്തിനുശേഷം ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.മോഹനന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. ഏഴു ദിവസത്തിനകം കീഴടങ്ങാനാണു കോടതി നിര്‍ദേശമെന്നും ഏഴു ദിവസം കഴിഞ്ഞിട്ടും കീഴടങ്ങിയില്ലെങ്കില്‍ മാത്രമേ പൊലീസിന് അറസ്റ്റ് ചെയ്യാനാകൂവെന്നും വാദിച്ച അദ്ദേഹം ഭാവികാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY