സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരായി ജനാധിപത്യ വിശ്വാസികള്‍ രംഗത്തു വരണമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

177

തിരുവനന്തപുരം : ശബരിമലയില്‍ അക്രമികളെ കൊണ്ടുവന്ന്‌ വിശ്വാസികളെ തടഞ്ഞുനിര്‍ത്തുന്ന സംഘപരിവാറിന്റെ അജണ്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്‌ ശബരിമലയില്‍ 10-നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്ക്‌ പ്രവേശനം ലഭിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായത്‌. ആ വിധി എല്ലാവര്‍ക്കും ബാധകമായ ഒന്നാണ്‌. അത്‌ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടുതാനും. അതനുസരിച്ചുള്ള നടപടികളാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്‌ എന്ന് അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. സമരം ചെയ്യുന്ന ബി.ജെ.പിയ്‌ക്കും കോണ്‍ഗ്രസ്സിനും സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടെന്ന അഭിപ്രായമുണ്ടെങ്കില്‍ അവരെന്തുകൊണ്ടാണ്‌ റിവ്യു ഹര്‍ജി നല്‍കാത്ത്‌ എന്ന്‌ വ്യക്തമാക്കണം. കോടതിവിധിയുടെ മറവില്‍ കലാപമുണ്ടാക്കാനാണ്‌ ഇരുകൂട്ടരും ശ്രമിക്കുന്നത്‌.

സുപ്രീംകോടതി വിധി തങ്ങള്‍ക്ക്‌ ബാധകമല്ലെന്നും അക്രമവുമായി മുന്നോട്ടുപോയി വിധിയെ നടപ്പാക്കാനനുവദിക്കില്ലെന്ന നിലപാട്‌ സംഘപരിവാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌. സുപ്രീംകോടതി വിധിക്കനുകൂലമായ നിലപാടാണ്‌ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി സ്വീകരിച്ചതെങ്കില്‍ അതില്‍ നിന്നും വ്യത്യസ്‌തമായി കേരളത്തിലെ കോണ്‍ഗ്രസ്‌ സംഘപരിവാര്‍ അജണ്ടകള്‍ക്ക്‌ കൂട്ടുനില്‍ക്കുന്ന സ്ഥിതിയാണ്‌ ഉണ്ടായത്‌.
ശബരിമലയിലേക്ക്‌ എത്തുന്ന വിശ്വാസികളെ പരിശോധിക്കുകയും തടഞ്ഞുനിര്‍ത്തി അവിടെ കലാപം സൃഷ്‌ടിക്കാനും ആസൂത്രിതമായ ശ്രമമാണ്‌ നടന്നത്‌. ഇവിടെ ബി.ജെ.പിയുടെ നേതാക്കള്‍ എത്തിയിരുന്നു എന്നതും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണ്‌. പതിനെട്ടാംപടി വരെ ഉപരോധിക്കുന്ന നടപടി പോലും സ്വീകരിക്കുകയുണ്ടായി. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ എത്തിയ തീര്‍ത്ഥാടകരെ തടയുകയും തിരിച്ചയയ്‌ക്കുകയും ചെയ്യുന്ന സ്ഥിതിയും ഇവിടെ ഉണ്ടായി. ശബരിമലയില്‍ വ്യാപകമായ അക്രമമാണ്‌ സംഘപരിവാര്‍ അഴിച്ചുവിട്ടത്‌. വനിതാ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്ന സ്ഥിതിയുമുണ്ടായി. 10 മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. അഞ്ച്‌ തീര്‍ത്ഥാടകരേയും 15 പോലീസുകാരെയും ഇവര്‍ ആക്രമിച്ചിരിക്കുകയാണ്‌. മാധ്യമങ്ങളുടെ അഞ്ച്‌ വാഹനങ്ങളും കെ.എസ്‌.ആര്‍.ടി.സിയുടെ 11 വാഹനങ്ങളും തകര്‍ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം വെച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യമുള്ള നാടാണ്‌ നമ്മുടേത്‌. അത്തരം കാഴ്‌ചപ്പാടുകള്‍ക്കെതിരായി നിലകൊള്ളുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരായി ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരേണ്ടതുണ്ട്‌ എന്ന് കോടിയേരി പ്രസ്താവനയില്‍ ആവശ്യപെട്ടു .

NO COMMENTS