തിരുവനന്തപുരം: സഹകരണ സമരത്തില്‍ പാര്‍ട്ടികളുമായും ചേര്‍ന്ന് യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പി യും ശ്രമിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. ബദല്‍ സംവിധാനം ഒരുക്കാതെയുള്ള കേന്ദ്ര നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതൃത്വം നല്‍കുന്ന പ്രത്യേക സ്വഭാവത്തോട് കൂടിയുള്ളതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍. ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് അവിടെ നിക്ഷേപങ്ങള്‍ വര്‍ധിച്ചത്. അതിനെ തകര്‍ക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പാര്‍ട്ടികള്‍ സഹകരിക്കുന്നില്ലെങ്കില്‍ താല്‍പര്യമുള്ള സഹകാരികളുമായി ചേര്‍ന്ന് എല്‍.ഡി.എഫ് സ്വന്തം നിലയില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജന്റെ ഒഴിവിലേക്കാണ് എം.എം മണിയെ പാര്‍ട്ടി മന്ത്രിസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. വകുപ്പ് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അത് പാര്‍ട്ടിയല്ലെന്നും കോടിയേരി പറഞ്ഞു. വര്‍ഗീയ ശക്തികളാണ് ഇപ്പോള്‍ കേരളത്തിന്‍റെ പ്രധാന ഭീഷണി. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വര്‍ഗീയ പ്രവര്‍ത്തനത്തെ ജനങ്ങള്‍ തിരിച്ചറിയണം. ഇതിനെതിരെ വിശ്വാസികളെ അണി നിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.