വിശ്വാസത്തിന്റെ പേരില്‍ നടക്കുന്നത് വിശ്വാസികള്‍ക്കെതിരായ ആക്രമണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

186

തിരുവനന്തപുരം : വിശ്വാസത്തിന്റെ പേരില്‍ നടക്കുന്നത് വിശ്വാസികള്‍ക്കെതിരായ ആക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്നതു ബിജെപിയുടെ അജന്‍ഡ നടപ്പാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമമാണെത്‌. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ പോലും ബിജെപി അവഗണിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യുക എന്നത് പോലീസ് സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും കോടിയേരി പറഞ്ഞു. 95 ശതമാനം ജനങ്ങളും ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ ബിജെപിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിക്കെതിരേയാണ് ബിജെപിയുടെ സമരം. ബിജെപിക്ക് പ്രതിഷേധമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് ഓര്‍ഡിനന്‍സിനു ശ്രമിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ആര്‍എസ്എസിനൊപ്പമുള്ള സംഘടനയല്ല. അവര്‍ അക്രമങ്ങളിലേക്കു പോയിട്ടില്ല. അവരുടെ പരാതികള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമം. ഇതിന്റെ ഭാഗമാണ് മന്ത്രിമാരെ ആക്രമിക്കാനും ജജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കാനും ശ്രമിക്കുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ല. സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS