തിരുവനന്തപുരം: പൊലീസ് യുഎപിഎ ചുമത്തുന്നതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ല. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യുഎപിഎ സര്‍ക്കാരിന്റെ നയമല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മൂന്ന് യുഎപിഎ അറസ്റ്റുകളാണ് ആറുമാസം പിന്നിടുന്ന ഇടതുഭരണത്തിലുണ്ടായത്. ഇതിനെതിരെ ഭരണപക്ഷമായ സിപിഐ അടക്കമുളള പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി എത്തിയിരുന്നു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നദി എന്നറിയപ്പെടുന്ന നദീറിനെതിരെ ഇന്നലെ പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തതോടെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പൊലീസിനെതിരെ രംഗത്തെത്തിയത്.