തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിയുടെ രാജി യുഡിഎഫിന്റെ രാഷ്ട്രീയ ആവശ്യമാണെന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി യശസിന് ചേരാത്ത പരാമര്‍ശത്തിനാണ് മണിക്കെതിരെ അച്ചടക്ക നടപടി എടുത്തതെന്ന് കോടിയേരി പറഞ്ഞു. നടപടിയുടെ ഭാഗമായി ശാസിച്ചത് സ്വാഭാവികമാണ്. ഇഎംഎസും ഇകെ നായനാരും വിഎസും ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ശാസനക്ക് വിധേയമായിട്ടുണ്ടെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് സിപിഐയും സിപിഎമ്മും തമ്മില്‍ തര്‍ക്കങ്ങളില്ല. തര്‍ക്കങ്ങളുണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. വിവാദങ്ങളില്ലാതെ വേണം അതു ചെയ്യാന്‍. കുരിശ് പൊളിച്ചുമാറ്റിയതില്‍ സിപിഎമ്മിന് അഭിപ്രായ വ്യത്യാസമുണ്ടെന്നും കോടിയേരി പറഞ്ഞു. മൂന്നാറില്‍ മെയ് 21ന് പട്ടയമേള നടത്തുമെന്നും കോടിയേരി അറിയിച്ചു.