തിരുവനന്തപുരം: കുമ്മനം രാജശേഖരന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വ്യാജ വീഡിയോ എരിതീയില്‍ എണ്ണയൊഴിക്കലാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാത്ത സ്ഥിതി യുഡിഎഫും ബിജെപിയും ചേര്‍ന്നു സൃഷ്ടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തുന്നതെന്ന പേരില്‍ കുമ്മനം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്ത് വന്നത്. സിപിഎം കണ്ണൂരില്‍ സമാധാനം പുലരുന്നതിനാണ് നിലകൊള്ളുന്നത്. പക്ഷേ, കൊലപാതകത്തിനുശേഷം കുമ്മനം ഫേസ്ബുക്കില്‍ വ്യാജവീഡിയോ പോസ്റ്റ് ചെയ്തത് എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നു. ഇതിന്റെ പേരില്‍ കുമ്മനത്തിനെതിരേ കേസെടുക്കണം. കൊലപാതകത്തിനു പിന്നില്‍ സിപിഎം ആസൂത്രണമോ പങ്കാളിത്തമോ ഇല്ല. സിപിഎമ്മുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ദൗര്‍ഭാഗ്യകരമായ സംഭവത്തെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി ശ്രമിക്കുകയാണ് എന്നും കോടിയേരി ആരോപിച്ചു. കണ്ണൂരില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പോലീസിനെ നിര്‍വീര്യമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്തരത്തില്‍ പോലീസുകാര്‍ക്കെതിരേ ആക്രമണം നടത്തുന്നവര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും കോടിയേരി മുന്നറിയപ്പു നല്കി.