കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ട് പുറത്തിറക്കിയ വിജ്ഞാപനം വര്‍ഗീയ വിധ്വംസക നടപടിയുടെ ഭാഗം : കോടിയേരി ബാലകൃഷ്ണൻ

173

കോഴിക്കോട്‌ : രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം രാജ്യമാകെ മനുസ്മൃതി നടപ്പിലാക്കുമെന്ന വിളംബരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ. കേന്ദ്രപരിസ്ഥിതി മന്ത്രാലയം അസാധാരണ ഗസറ്റായി പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ കന്നുകാലി വില്‍പ്പനക്കും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കയാണ്. കന്നുകാലികളുടെ സംസ്ഥാനാന്തര വില്‍പ്പന നിരോധിച്ചിരിക്കുന്ന ഉത്തരവിലൂടെ ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. റംസാനെ സ്വീകരിക്കാന്‍ രാജ്യത്തെ ജനത ഒരുങ്ങി നില്‍ക്കുമ്പോഴാണ് ആര്‍ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രിയും കൂട്ടരും ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴുള്ള ഈ നടപടി, വരാനിരിക്കുന്ന വര്‍ഗീയ വിധ്വംസക നടപടികളുടെ കേളികൊട്ടാണെന്നും കോടിയേരി ആരോപിച്ചു. വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാനും സമൂഹത്തില്‍ മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള ഉത്തരവുകളിലൂടെ സംഘപരിവാര്‍ നിയന്ത്രിക്കുന്ന കേന്ദ്രഭരണകൂടം ലക്ഷ്യമിടുന്നത്. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY